അടിമാലി: അപ്രതീക്ഷിതമായി പെയ്ത മഴയും മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ഹർത്താലും റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ആവേശം കെടുത്തി. ആദ്യ ദിനം നിറുത്താതെ പെയ്ത കനത്ത മഴയായിരുന്നു തിരിച്ചടിയായതെങ്കിൽ രണ്ടാം ദിനം മത്സരങ്ങൾ ഹർത്താലിനെ തുടർന്ന് മാറ്റി വയ്‌ക്കേണ്ടി വന്നു. ശേഷിക്കുന്ന മത്സരങ്ങൾ തിങ്കളാഴ്ച നടത്തുമെന്ന് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ആകെ മൊത്തം മത്സരങ്ങൾ നടക്കുന്ന 132 ഇനങ്ങളിൽ 79 ഇനങ്ങളിലാണ് ആദ്യ ദിവസം മത്സരങ്ങൾ നടന്നത്. ഇന്നലെ നടക്കേണ്ടിയിരുന്ന 53 ഇനങ്ങളിലെ മത്സരങ്ങളാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ മുതൽ നിറുത്താതെ പെയ്ത കനത്ത മഴ മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിച്ചിരുന്നില്ലെങ്കിലും മത്സരാവേശം ഇല്ലാതാക്കി. തുടർച്ചയായി മഴ പെയ്യുന്നതു മൂലം ഉരുൾപൊട്ടലും ഗതാഗത തടസവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സരഫലം പുറത്തുവരും മുമ്പേ വിദ്യാർത്ഥികളും അദ്ധ്യാപകരും മേള നഗരിയിൽ നിന്ന് മടങ്ങിയിരുന്നു. കനത്ത മഴ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച്ച അവധി പ്രഖ്യാപിച്ചാലും മേള തടസമില്ലാതെ നടത്താനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ഹർത്താൽ സംഘാടകരുടെയും മത്സരാർത്ഥികളുടെയും പ്രതീക്ഷകൾ തകർത്തു. പലരും പുലർച്ചെ മേള നഗരിയിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു ഹർത്താൽ വിവരം അറിഞ്ഞത്. മേള മാറ്റിവച്ചതായുള്ള അറിയിപ്പെത്തിയതോടെ മത്സരാർത്ഥികൾ വീടുകളിലേക്ക് മടങ്ങി.