ഇടുക്കി: കട്ടപ്പന കോടതി സമുച്ചയത്തിൽ നിർമ്മിക്കുന്ന അനുബന്ധ കോടതി മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസവും ഉയർന്ന സാക്ഷരതയുമുള്ള കേരളീയർ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കുന്നതിന് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഹർത്താൽ പോലുള്ള സമരമാർഗങ്ങൾ ഒഴിവാക്കി ഇതര രീതികൾ അവലംബിക്കുന്നതാകും അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു. കോടതി അങ്കണത്തിൽ നടന്ന പൊതുസമ്മേളനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു. ജുഡിഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും കോടതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 527 കോടി രൂപയുടെ പ്രവർത്തികളാണ് ഈ സർക്കാർ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
കോടതികളുടെ എണ്ണം വർദ്ധിപ്പിച്ച് കേസുകൾ വേഗത്തിൽ തീർപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടതിക്ക് മന്ദിരം നിർമ്മിക്കുന്നത്. 18 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുന്ന നിർദ്ദിഷ്ട ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ ബാർ അസോസിയേഷൻ ഹാൾ, പോലീസ് വിശ്രമമുറി, കാന്റീൻ, ടോയ്ലറ്റ് സംവിധാനങ്ങളും മുകൾനിലയിൽ കോടതി ഹാൾ, ചേംബർ, ഓഫീസ് എന്നിവ പ്രവർത്തിക്കും. ജോയ്സ് ജോർജ് എം.പി ആശംസകളർപ്പിച്ചു. യോഗത്തിൽ തൊടുപുഴ ജുഡിഷ്യൽ ജില്ലാ ജഡ്ജ് മൊഹമ്മദ് വസിം സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ ജീവൻ ബാബു.കെ, കട്ടപ്പന നഗരസഭാ ചെയർമാൻ മനോജ് എം.തോമസ്, കട്ടപ്പന ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.ജി. ഷാജിമോൻ എന്നിവർ സംസാരിച്ചു.