രാജാക്കാട്: സേനാപതിയിൽ വീടിന് പിന്നിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടി എക്‌സൈസ് ഇടുക്കി സ്‌പെഷ്യൽ സ്‌ക്വാഡ് കണ്ടെത്തി നശിപ്പിച്ചു. വീട്ടുടമ അറസ്റ്റിൽ. ഒട്ടാത്തി മണികണ്ഠവിലാസം നാട്ടരശനാണ് (42) സി.ഐ ജിജു. പി. ജോസഫ്, പ്രിവന്റീവ് ഓഫീസർ മനോജ് മാത്യൂ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ നടത്തിയ റെയ്ഡിൽ പ്രതിയുടെ എട്ട് സെന്റോളം വരുന്ന പുരയിടത്തിലെ വീടിനു പിന്നിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. ആറ് മാസത്തോളം പ്രായമുള്ള ഒത്ത വലിപ്പമെത്തിയ ചെടിയ്ക്ക് 260 സെന്റിമീറ്റർ ഉയരവും ചുവടിന് 15 സെന്റിമീറ്റർ വണ്ണവുമാണ് ഉണ്ടായിരുന്നത്. എന്നാൽ പൂർണ വളർച്ച എത്തിയിരുന്നില്ല. വീട്ടിൽ നിന്ന് പിടിയിലായ പ്രതി കഞ്ചാവ്‌ചെടി താൻ നട്ടുവളർത്തുന്നതാണെന്ന് സമ്മതിച്ചു. തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ എത്തിച്ച് നൽകുന്ന ഏജന്റും തൊഴിലാളി വാഹന ഡ്രൈവറുമാണ് ഇയാൾ. അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കണ്ടെടുത്ത ചെടി രാസപരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.കെ. വിനോദ്, ജലീൽ, സിനിൽകുമാർ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.