അപകടം ഇടുക്കി പുല്ലുപാറയിൽ
ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയ പാതയിൽ ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് രണ്ടുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
തമിഴ്നാട് ചിന്നകാഞ്ചീപുരം, പെരിയനഗർ സ്വദേശികളായ കാർത്തി, ബാബു എന്നിവരാണ് മരിച്ചത്. ഡ്രൈവർ ചന്ദ്രു, തീർത്ഥാടകരായ രാജ, രാമലിംഗം, ശക്തിവേൽ, മോഹൻ, ശരവണൻ, വജ്രവേൽ, രാജാറാം, ജയപാലൻ, താണ്ടവരായൻ, കുമാർ, ഗോവിന്ദരാജൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നു വന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. കുത്തിറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ പാറക്കെട്ടിൽ ഇടിപ്പിച്ചുനിറുത്തുകയായിരുന്നു. വാഹനം നിൽക്കാതെ മുന്നോട്ടുപോയിരുന്നെങ്കിൽ വൻദുരന്തത്തിൽ കലാശിക്കുമായിരുന്നു. അപകടം നടന്ന സ്ഥലത്തിന്റെ ഒരുവശം ചെങ്കുത്തായ തിട്ടയും മറുവശം ആയിരക്കണക്കിന് അടി താഴ്ചയുള്ള കൊക്കയുമാണ്. പ്രദേശവാസികളും ഇതു വഴിവന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് ഹൈവേ പൊലീസും പീരുമേട്ടിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മരണമടഞ്ഞ തീർത്ഥാടകരുടെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.