ഇടുക്കി: സംസ്ഥാനത്തെ പ്രളയാനന്തര പുനർനിർമ്മാണത്തിൽ ഇടുക്കി ജില്ലക്ക് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കൊല്ലം- ദിണ്ഡിഗൽ ദേശീയ പാത 183 ൽ മുണ്ടക്കയം മുതൽ കുമളി വരെ 42 കോടിയുടെ ശാക്തീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വണ്ടിപ്പെരിയാർ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് നിർമ്മിക്കുന്ന 12 ഡിസൈനർ റോഡുകളിൽ നാലെണ്ണം ഇടുക്കിയിലാണ്. ആകെയുള്ള 400 കോടി രൂപയുടെ അടങ്കൽ തുകയിൽ 105 കോടി രൂപ ഇടുക്കിയിലാണ് വിനിയോഗിക്കുന്നത്. ഈ വർഷം കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും ഇതുവരെ രണ്ടു ഘട്ടങ്ങളിലായി 600 ഉം 400 ഉം കോടി രൂപ നൽകി. ജോയ്സ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ഇ.എസ്. ബിജിമോൾ എം.എൽ.എ, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, വാഴൂർ സോമൻ, ദേശീയപാത ചീഫ് എൻജിനീയർ അശോക് കുമാർ എം, എക്സിക്യൂട്ടീവ് എൻജിനീയർ ദീപ.കെ തുടങ്ങിയവർ സംസാരിച്ചു.