ഇടുക്കി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയുടെ അറസ്റ്റിനെ തുടർന്ന് അപ്രതീക്ഷതമായി ഇന്നലെ പുലർച്ചെ ആഹ്വാനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താലറിയാതെ അയ്യപ്പഭക്തരടക്കമുള്ള യാത്രക്കാർ വളരേയേറെ ബുദ്ധിമുട്ടി. ജില്ലയിൽ ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നു. തൊടുപുഴയിൽ കടകളൊന്നും തുറന്നില്ല. സ്വകാര്യ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. മിനി സിവിൽ സ്റ്റേഷനടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. എങ്ങും അനിഷ്ട സംഭവങ്ങൾ റപ്പോർട്ട് ചെയ്തില്ല. മുൻ കരുതലായി പ്രധാന ടൗണുകളിലെല്ലാം പൊലീസിനെയും വ്യന്യസിച്ചിരുന്നു. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ഹർത്താലനുകൂലികൾ നഗരത്തിൽ പ്രകടനം നടത്തി.

ശാന്തം

മുട്ടം: അറക്കുളം, കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്ത്‌ പ്രദേശങ്ങളിൽ ഹർത്താൽ ശാന്തമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. ഓട്ടോ, ടാക്സി, ബസ് എന്നിവ സർവീസ് നടത്തിയില്ല. ഹർത്താൽ അനുകൂലികൾ മൂലമറ്റം, കുടയത്തൂർ കോളപ്ര, മുട്ടം, കരിങ്കുന്നം എന്നീ ടൗണുകളിൽ രാവിലെ പ്രകടനം നടത്തി.

പൂർണം

പൈനാവ്: ഹർത്താൽ ജില്ലാ ആസ്ഥാന മേഖലകളിൽ പൂർണ്ണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യബസുകളും, ടാക്സികളും നിരത്തൊഴിഞ്ഞത് ജനങ്ങളെ സാരമായി ബാധിച്ചു. കളക്ട്രേറ്റിലെ വിവിധ സർക്കാർ ഓഫീസുകളിലും ഹാജർ നില നന്നേ കുറവായിരുന്നു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ ഹോട്ടൽ മേഖലയിൽ കനത്ത പ്രഹരമാണേൽപ്പിച്ചത്. തയ്യാറാക്കി വച്ച ഭക്ഷണ സാധനങ്ങൾ ഏറെയും പാഴായി.

കാര്യമായി ബാധിച്ചില്ല

രാജാക്കാട്:ഹർത്താൽ രാജാക്കാട്,രാജകുമാരി,സേനാപതി,ശാന്തൻപാറ മേഖലകളെ കാര്യമായി ബാധിച്ചില്ല. ഇടതുപക്ഷത്തിനു മുൻതൂക്കമുള്ള ശാന്തൻപാറ, പൂപ്പാറ മേഖലകളിൽ കടകൾ തുറന്നു. വാഹനങ്ങൾ കാര്യമായി ഓടിയില്ല. രാജാക്കാട്ടിൽ ഹർത്താൽ അനുകൂലികൾ രാവിലെ പ്രകടനം നടത്തി.

സമാധാനപരം

നെടുങ്കണ്ടം മേഖലയിൽ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു. നെടുങ്കണ്ടം, മുണ്ടിയെരുമ, പാമ്പാടുംപാറ, ബാലഗ്രാം, കൂട്ടാർ, കമ്പംമെട്ട് എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ പ്രകടനം നടത്തി. കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള ബസ് സർവീസുകളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും സർക്കാർ ഓഫീസുകളും ധനകാര്യ സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടന്നു. ഉടുമ്പൻചോല, പാറത്തോട് മേഖലകളിൽ ഹർത്താൽ അനുഭവപെട്ടില്ല. ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു.

ജനജീവിതം സ്തംഭിപ്പിച്ചു

അടിമാലി: അടിമാലി മൂന്നാർ മേഖലകളിലെ ജനജീവിതം സ്തംഭിപ്പിച്ചു. പുലർച്ചെ മാത്രമാണ് ഹർത്താൽ സംബന്ധിച്ച വിവരം ലഭിച്ചതെന്നതിനാൽ രോഗികൾക്കടക്കം യാത്ര മാറ്റിവയ്ക്കേണ്ടി വന്നു. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ഒരേ പോലെ നിരത്തിലിറങ്ങാതെ വന്നതോടെ പൊതുഗതാഗതം പൂർണമായി സ്തംഭിച്ചു. ടൗണുകളിലെ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞ് കിടന്നപ്പോൾ ഗ്രാമീണമേഖലകളിലെ ഏതാനും വ്യാപാരശാലകൾ തുറന്നു. ദേശിയപാത 85ൽ അടിമാലി ഉൾപ്പെടെയുള്ള ഭാഗങ്ങളിലും ആനച്ചാലിലും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. പെട്രോൾ പമ്പുകളും മെഡിക്കൽ സ്റ്റോറുകളും തുറന്നു പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞ് കിടന്നു. തോട്ടം മേഖലയേയും അപ്രതീക്ഷിത ഹർത്താൽ പ്രതികൂലമായി ബാധിച്ചു.

വിനോദ സഞ്ചാരികൾ വലഞ്ഞു
കുമളി/മൂന്നാർ: ഹർത്താൽ വിനോദ സഞ്ചാര മേഖലയായ തേക്കടിയെയും കുമളിയെയും സാരമായി ബാധിച്ചു. തേക്കടി കാണാനെത്തിയ സഞ്ചാരികളുടെയും സ്വകാര്യ വ്യക്തികളുടെയും വാഹനം ഹർത്താൽ അനുകൂലികൾ കുമളിൽ ടൗണിൽ അൽപ്പനേരം തടഞ്ഞ ശേഷം വിട്ടയച്ചു. ഹർത്താൽ അറിയാതെ തമിഴ്നാട്ടിൽ നിന്ന് എത്തിയ യാത്രക്കാരാണ് വലഞ്ഞത്. തുറന്ന വ്യാപാര സ്ഥാപനങ്ങൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നു. വിനോദ സഞ്ചാരികൾ ഹർത്താലിനെ തുടർന്ന് ഹോട്ടലുകളിലും റിസോർട്ടുകളിലും കുടുങ്ങി. മാങ്കുളമുൾപ്പെടെയുള്ള ഗ്രാമീണ മേഖലകളിൽ എത്തിയ സഞ്ചാരികളും യാത്ര തുടരാനാകാതെ ബുദ്ധിമുട്ടിലായി. ഭക്ഷണശാലകൾ അടഞ്ഞ് കിടന്നത് ഗ്രാമീണ, നഗര വ്യാത്യാസമില്ലാതെ സന്ദർശകരെ പ്രതിസന്ധിയിലാക്കി.


ഹർത്താലിൽ വലഞ്ഞ് വ്യാപാരികൾ

മുന്നറിയിപ്പില്ലാതെ രാവിലെ മാത്രം അറിഞ്ഞ ഹർത്താലിൽ ഹോട്ടലുകൾ പച്ചക്കറി വിൽപന ശാലകൾ വൻ നഷ്ടം വരുത്തിവെച്ചു. മുണ്ടിയെരുമയിൽ ഇന്നലെ ചന്ത ദിവസമായിരുന്നു. എന്നാൽ ഹർത്താലാണെന്ന വിവരം അറിയാതെ തമിഴ്നാട്ടിൽ നിന്ന് വാഹനങ്ങൾ വാടകയ്ക്ക് വിളിച്ച് പച്ചക്കറിയുമായി വ്യാപാരികൾ രാവിലെ തന്നെ എത്തിയിരുന്നു. കച്ചവട നഷ്ടത്തിനൊപ്പം വാഹനം വാടകയ്ക്ക് എടുത്ത തുക കൂടി അധികമായി നഷ്ടമായിരിക്കുകയാണ് ഇവർക്ക്. രാവിലെ മുണ്ടിയെരുമയിൽ എത്തിയെങ്കിലും പച്ചക്കറി വില്പന കാര്യമായി നടന്നിട്ടില്ല. ചെറുകിട ഹോട്ടലുകൾ രാവിലെ ഭക്ഷണത്തിനായി തയ്യാറാക്കിയ മാവും മറ്റും ഉപേക്ഷിയ്‌ക്കേണ്ടി വന്നത് വൻ നഷ്ടത്തിനിടയാക്കി.