അടിമാലി: പ്രളയമൊഴിഞ്ഞ് മാസം മൂന്ന് പിന്നിടുമ്പോഴും പ്രളയമേൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും ജില്ലയുടെ കാർഷിക മേഖല മുക്തമായിട്ടില്ല. വെള്ളം കയറി കർഷകർക്കുണ്ടായ നഷ്ടക്കണക്ക് മാത്രമല്ല ഈ പ്രതിസന്ധിക്ക് കാരണം. വിലയുണ്ടായിട്ടും വിറ്റഴിക്കാൻ കാർഷികോത്പന്നങ്ങളില്ലെന്നതാണ് കർഷകർ നേരിടുന്ന പ്രധാനപ്രശ്നം. ഏലത്തിനും കപ്പയ്ക്കും വിപണിയിൽ ഇപ്പോൾ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. എന്നാൽ കർഷകരുടെ പക്കൽ ഈ വിളകളൊന്നുമില്ല. പഞ്ഞകർക്കിടകത്തിലും കർഷകന് കൈതാങ്ങായിരുന്ന കൊക്കോയാണ് ഇത്തവണ കർഷകനെ കൈവിട്ട മറ്റൊരു കാർഷിക വിള. കൊക്കോ വിപണി സജീവമാകാൻ ഇനിയും മാസങ്ങൾ വേണ്ടി വരുമെന്ന് കർഷകർ പറയുന്നു. മുൻകാലങ്ങളിൽ ഇടവിളകൾക്ക് ലഭിച്ചിരുന്ന മെച്ചപ്പെട്ട വില ഇത്തവണയില്ല. ചേമ്പിനും ചേനയ്ക്കും പോയ വർഷങ്ങളെ അപേക്ഷിച്ച് പകുതിയിലും താഴെയാണ് വിലയെന്ന് കർഷകർ പരാതിപ്പെടുന്നു. വലിയ രീതിയിൽ ഏത്തവാഴകൾ നശിച്ചതോടെ കാലങ്ങളായി ഏത്തവാഴ കൃഷി നടത്തിയിരുന്ന കർഷകർ കടക്കെണിയിലാണ്. കാപ്പി കർഷകർക്ക് വിലയും വിളവുമില്ല. തുടർ കൃഷിക്ക് കൈതാങ്ങാൻ പ്രളയാനന്തരം ലഭിക്കേണ്ട നഷ്ടപരിഹാരവും കർഷകരിൽ നിന്ന് അകലെയാണ്. ഏതാനും മാസങ്ങൾ കൂടി കാർഷിക മേഖലയിലെ മാന്ദ്യം ഇതേ രീതിയിൽ തുടരുമെന്നാണ് കർഷകർ പറയുന്നത്.

വളങ്ങൾക്ക് തീവില


കാർഷിക മേഖലയിൽ മാന്ദ്യം നേരിടുമ്പോഴും വളങ്ങളുടെയും കീടനാശിനികളുടെയും വില ഉയർന്ന് നിൽക്കുന്നത് കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. പ്രളയാനന്തരം പല വളങ്ങളുടെയും വിലയിൽ അഞ്ച് രൂപയോളം വർദ്ധനവുണ്ടായെന്നാണ് കർഷകരുടെ പരാതി.