അടിമാലി: നാലര വർഷത്തെ മോദി ഭരണത്തിൽ മുഖംവികൃതമായ ബി.ജെ.പി കേരളത്തിൽ കാലുറപ്പിക്കാൻ ശബരിമലയെ രാഷ്ടീയ ഇടത്താവളമായി ഉപയോഗിക്കുകയാണെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്. പി. ഹാരീസ് പറഞ്ഞു. കോയാ അമ്പാട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ലോക്താന്ത്രിക് ജനതാദളിലേക്ക് ചേരുന്നതിന്റെ ലയന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാവനമായ ശബരിമലയെ കലാപ ഭൂമിയാക്കിയ ബി.ജെ.പിയും കോൺഗ്രസും മാപ്പർഹിക്കാത്ത പാതകമാണ് ചെയ്യുന്നത്. കേരളത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളുടെ കർമ്മവേദിയായി എൽ.ജെ.ഡി.യെ നോക്കികാണുന്നു എന്നതിന്റെ തെളിവാണ് വിവിധ പ്രദേശങ്ങളിൽ നിന്ന് പാർട്ടിയിലേക്ക് നേതാക്കളും പ്രവർത്തകരും എത്തിചേരുന്നതെന്ന് ഷേക്ക്. പി. ഹാരീസ് പറഞ്ഞു. കോയാ അമ്പാട്ട് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി. വിവിധ രാഷ്ടീയ പാർട്ടികളിൽ നിന്നെത്തിയ 100 കണക്കിന് പ്രവർത്തകർ ലയന സമ്മേളനത്തിൽ പങ്കെടുത്തു.