ഇടുക്കി : ബാലാവകാശ നിയമങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താൻ ബന്ധപ്പെട്ട സ്ഥാപനങ്ങളും ഏജൻസികളും തയ്യാറാകണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. കേരള ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന ബാലാവകാശ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോണിന്റെയും ടാബ്‌ലെറ്റിന്റെയും വീഡിയോ ഗെയിമുകളുടെയും ദുഃസ്വാധീനത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി എം.എം. മണി അദ്ധ്യക്ഷനായിരുന്നു. ജോയ്സ് ജോർജ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, ജുവനൈൽ ജസ്റ്റിസ് ബോർഡ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് ഷാജി പി. ചാലി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ്, ഐ.ജി എസ്. ശ്രീജിത്ത്, ജില്ലാ കളക്ടർ കെ. ജീവൻ ബാബു, ബാലാവകാശ കമ്മിഷൻ അംഗം സിസ്റ്റർ ബിജി ജോസ്, ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.ജി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.