തൊടുപുഴ: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലിൽ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ വിവിധ നിയോജകമണ്ഡലങ്ങളിൽ പാർട്ടി വഴിതടയൽ സമരം നടത്തി. അരമണിക്കൂറിലേറെ പ്രവർത്തകർ നാമജപവുമായി പ്രതിഷേധിച്ചതോടെ ദേശീയപാതകളിലടക്കം ഗതാഗതം പൂർണമായി തടസപ്പെട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നടന്ന സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ വേലുക്കുട്ടൻ, പി.പി. സാനു, ജനറൽ സെക്രട്ടറി കെ.എസ്. അജി, പരിസ്ഥിതി സെൽ കൺവീനർ എം.എൻ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കട്ടപ്പനയിൽ ഇടുക്കി മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, കുട്ടിക്കാനത്ത് പീരുമേട് മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, കമ്പംമേട്ടിൽ ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് കെ. കുമാർ എന്നിവർ വഴിതടയൽ സമരം ഉദ്ഘാടനം ചെയ്തു. അടിമാലിയിൽ ദേശീയപാത 85ലും ദേശീയപാത 185ലുമാണ് ഉപരോധം നടത്തിയത്. കർഷക മോർച്ച ജനറൽ സെക്രട്ടറി സുനിൽ കുരുവിക്കാട്ട് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.എൻ. സുരേഷ് ഉൾപ്പെടെ നൂറോളം പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു. ചെറുതോണിയിൽ ബി.ജെ.പി വാഴത്തോപ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. ബി.ജെ.പി വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് എസ് മീനത്തേരിൽ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി കെ എസ്. ജയചന്ദ്രൻ, പഞ്ചായത്ത് ജന.സെക്രട്ടറി സുധൻ പള്ളിവിളാകത്ത്, വൈസ് പ്രസിഡന്റുമാരായ മാമച്ചൻ കളപ്പുരയ്ക്കൽ, പി.വി. ബാബു, പഞ്ചായത്ത് സെക്രട്ടറിമാരായ കെ.ആർ. രാജേന്ദ്രൻ, പി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.