m-m-mani

തൊടുപുഴ: കെ.പി. ശശികലയ്ക്കും കെ. സുരേന്ദ്രനും രാജ്യത്ത് പ്രത്യേക നിയമമില്ലെന്നും നിയമലംഘനം ആര് നടത്തിയാലും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എം.എം. മണി പറഞ്ഞു. തൊടുപുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ തടയാനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. പരമാവധി മര്യാദ കാണിച്ചാണ് സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത്. നിയമ വിരുദ്ധപ്രവർത്തനം നടത്തുന്നവർക്ക് അതിൽനിന്ന് പിന്തിരിയാനുള്ള അവസരമൊരുക്കാനാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. കോൺഗ്രസിന് ഏറക്കുറെ കാര്യങ്ങൾ മനസിലായെന്നാണ് കരുതുന്നത്. വൈകിയാണെങ്കിലും ബോധോദയമുണ്ടായത് നല്ലതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കോൺഗ്രസിന്റെ ദേശീയ നേതൃത്വം അംഗീകരിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസ് അതിനെതിരായ നിലപാട് സ്വീകരിച്ചു. കേരളത്തിലേത് പ്രത്യേകതരം കോൺഗ്രസാണോയെന്നും മന്ത്രി ചോദിച്ചു.