മറയൂർ: മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളുടെ അതിർത്തി ടൗണായ കോവിൽക്കടവിലുള്ള എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ തകർത്ത് മോഷണം നടത്താൻ ശ്രമം. കൗണ്ടർ തകർത്തെങ്കിലും പണം വച്ചിരുന്ന ഭാഗം പൊളിക്കാൻ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല. സി.സി ടിവി കാമറ പ്ലാസ്റ്റർ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രിയിൽ നടന്ന മോഷണശ്രമം ഇന്നലെ പുലർച്ചെ 6.30നാണ് അറിയുന്നത്. കൗണ്ടറിന് സമീപത്തുള്ള വ്യാപാരി കുമാർ ഷട്ടർ താഴ്ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നോക്കിയപ്പോഴാണ് കൗണ്ടർ തകർത്തിരിക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസമാണ് 21 ലക്ഷം രൂപ എ.ടി.എം കൗണ്ടറിൽ നിറച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ വൈദ്യുതി ബന്ധം പലപ്പോഴായി വിച്ഛേദിക്കപ്പെട്ടതും കനത്ത മഞ്ഞ് ഉണ്ടായിരുന്നതും മോഷ്ടാക്കൾക്ക് സഹായമായി. രാത്രി 10 മണിയോടെ വിജനമാകുന്ന ടൗണാണിത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. മൂന്നാർ പെരിയവരെ പാലം തകർന്ന് കിടക്കുന്നതിനാൽ ഇടുക്കിയിൽ നിന്ന് ഡോഗ് സ്‌ക്വാഡിനും വിരലടയാള വിദഗ്ദ്ധർക്കും ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് എത്താൻ സാധിച്ചത്. ഡോഗ് സ്‌ക്വാഡംഗം ജനി മണം പിടിച്ച് പൊങ്ങുംപിള്ളി റോഡിലേക്ക് പോയി തിരികെ വന്നു. വിരലടയാള വിദഗ്ദ്ധ സംഘം ബൈജു സേവ്യറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മോഷ്ടാക്കൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. സി.സി ടിവി ദൃശ്യങ്ങൾ ഇന്നും പരിശോധിക്കും. മൂന്നാർ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ മറയൂർ അഡിഷണൽ എസ്.ഐ ടി.ആർ. രാജൻ, ടി.എം. അബ്ബാസ്, സണ്ണി .എം.ജെ, സൈനു, അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.