മറയൂർ: കഴിഞ്ഞ ദിവസം ശക്തമായ മഴയിലും കാറ്റിലും ദുരന്തം സംഭവിച്ച വട്ടവട മേഖലയിൽ എസ്. രാജേന്ദ്രൻ എം.എൽ.എയും റവന്യൂ സംഘവും സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയിൽ വട്ടവട, കൊട്ടാക്കൊമ്പൂർ, കോവില്ലൂർ, പഴത്തോട്ടം എന്നിവടങ്ങളിലെ ഹെക്ടർ കണക്കിന് ശീതകാല വിളകളും നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചിരുന്നു. ഓണക്കാലത്തെ വൻ നഷ്ടത്തിന് ശേഷം കരകയറി വന്ന വട്ടവടയിൽ ഒറ്റ ദിവസം പെയ്ത മഴയിൽ കൃഷി പൂർണ്ണമായും നശിച്ചു. നൂറിലധികം പ്രദേശങ്ങളിൽ മണ്ണിടിച്ചിലും പന്ത്രണ്ടോളം പ്രദേശങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. വട്ടവട, കൊട്ടാക്കൊമ്പൂർ, കോവില്ലൂർ എന്നിവിടങ്ങളിലെ കൃഷിനാശം ഉണ്ടായ പ്രദേശങ്ങളും തകർന്ന വീടുകളും എസ്. രാജേന്ദ്രൻ എം.എൽ.എ, ദേവികൂളം തഹസിൽദാർ കെ.പി. ഷാജി, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, എം. ലക്ഷ്മണൻ എന്നിവർ സന്ദർശിച്ചു. പഞ്ചായത്ത്, റവന്യൂ അധികൃതർ, കൃഷി വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വട്ടവടയിലെ കർഷക പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരാനും സർക്കാരിന് അടിയന്തര റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി.