കെ. ചപ്പാത്ത്: ആകെയുള്ള എ.ടി.എം കൗണ്ടർ പണിമുടക്കിയതോടെ ചപ്പാത്തുകാർ ദുരിതത്തിലായി. എസ്.ബി.ഐ ചപ്പാത്തിൽ സ്ഥാപിച്ചിരിക്കുന്ന എ.ടി.എം മെഷീനാണ് രണ്ട് മാസത്തിലേറെയായി സേവനം നിറുത്തിയത്. കഴിഞ്ഞ പ്രളയകാലത്ത് പെരിയാർ നദി കരകവിഞ്ഞപ്പോൾ എ.ടി.എം കൗണ്ടറിലും വെള്ളവും ചെളിയും ഇരച്ചു കയറിയിരുന്നു. പ്രളയാനന്തരം എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരുടെ സന്നദ്ധ സേവനത്തിന്റെ ഭാഗമായി കൗണ്ടറിലെ ചെളി കോരി മാറ്റി വൃത്തിയാക്കുകയും ചെയ്തു. ഇതോടെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും രണ്ട് മാസം മുമ്പ് ഒരു മുന്നറിയിപ്പില്ലാതെ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ ചപ്പാത്തിലുള്ളവർക്ക് ബാങ്ക് ശാഖയിൽ നിന്നല്ലാതെ പണം എടുക്കണമെങ്കിൽ 10 കിലോമീറ്റർ അകലെ ഏലപ്പാറയിലോ ആറ് കിലോമീറ്റർ താണ്ടി മേരികുളത്തോ എത്തേണ്ട സ്ഥിതിയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.