sugar-cane
മറയൂരിൽ പൂത്തുലഞ്ഞുനിൽക്കുന്ന കരിമ്പിൻ പാടം

മറയൂർ: മഴകാരണം വിളവെടുപ്പ് വൈകിയ കരിമ്പിൻ പാടങ്ങൾ പൂത്തുലഞ്ഞത് മറയൂർ കർഷകരുടെ മധുര സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയായി.

മറയൂർ - കാന്തല്ലൂർ പഞ്ചായത്തുകളിലെ ആയിരം ഏക്കറോളം സ്ഥലത്തെ കരിമ്പാണ് പൂത്തുലഞ്ഞത്. പുഷ്പിച്ച കരിമ്പിന് നീരുകുറമെന്നും അതുവഴി ശർക്കര ഉൽപ്പാദനം പ്രതിസന്ധിയിലാകുമെന്നുമാണ് കർഷകരുടെ പ്രധാന ആശങ്ക. പൂത്തകരിമ്പിൽ നിന്നും ഉദ്പാതിപിക്കുന്ന ശർക്കരയ്ക്ക് രുചി കുറയുമെന്നും പരമ്പരാഗത കർഷകർ വിശ്വസിക്കുന്നു. ഏഴുമാസം വളർച്ചയെത്തുമ്പോഴാണ് കരിമ്പ് പൂക്കുന്നത്. അതിനുമുമ്പെ വിളവെടുക്കാൻ പാകത്തിനാണ് കൃഷിയിറക്കുന്നത്. ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷം പതിവിലുമേറെ ശക്തമായിരുന്നതുകൊണ്ട് വിളവെടുപ്പ് വൈകി. ഒന്നരമാസം മുമ്പെ വിളവെടുത്ത് തുടങ്ങേണ്ടിയിരുന്ന കരിമ്പ് പാടത്തുതന്നെ നിൽക്കുന്ന സ്ഥിതിയായി. മഴക്കാലം കഴിഞ്ഞ് ഉൽപ്പാദനം പുന:രാരംഭിച്ചപ്പോൾ ശർക്കരയുടെ വിലയിടിഞ്ഞതും വിളവെടുപ്പ് വൈകാൻ മറ്റൊരു കാരണമായി. അതിനിടെ കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ച് മൂന്നുമാസം മാത്രം പ്രായമായ കരിമ്പും പൂത്തുലഞ്ഞു. പൂവിട്ടാൽ അകക്കാമ്പിൽ പൊങ്ങ് രൂപപ്പെടുന്നതാണ് നീരുകുറയാൻ കാരണം. കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ അത്യൽപ്പാദനശേഷിയുള്ള മേൽത്തരം വിത്തിൽനിന്നുള്ള ചെടികാളാണ് അകാലത്തിൽ പൂവിട്ടിരിക്കുന്നത്.

സീസണായപ്പോൾ തിരിച്ചടി

നവംബർ ആദ്യപകുതിയിൽ തുടങ്ങി ഫെബ്രുവരി പകുതി വരെ നീണ്ടുനിൽക്കുന്നതാണ് മറയൂർ ശർക്കരയുടെ ഉൽപ്പാദന സീസൺ.
ഇത്തവണ സീസൺ ആരംഭിച്ചപ്പോൾ ക്വിന്റലിന് 2700 രൂപയായി വിലകുറഞ്ഞു. നേരത്തെ 3400 രൂപയായിരുന്നു വില.

353 യും പൂക്കൂന്നു: നീലകണ്ഠൻ നായർ

' കോയമ്പത്തൂർ ഷുഗർ കെയിൻ ബ്രീഡിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത 353 എന്ന സങ്കരയിനം കരിമ്പാണ് കഴിഞ്ഞ പതിനഞ്ച് വർഷമായി മറയൂരിൽ കൃഷിചെയ്തു വരുന്നത്. കാലം തെറ്റിയാലും പൂക്കാത്ത ഇനമെന്നായിരുന്നു ഇതിന്റെ പ്രത്യേകത. സമീപകാലംവരെ ജനിതഗുണം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. മറ്റ് സങ്കര ഇനങ്ങളായ എസ്.ഒ 13, 19 എന്നീ ഇനങ്ങളുമായുള്ള പരാഗണമൊ കാലാവസ്ഥ വ്യതിയാനമൊ ആകാം അകാലത്തിൽ കരിമ്പ് പൂക്കാൻ കാരണം.'

കാണാനെന്തൊരു ശേലാണ്....പക്ഷേ

മലകളാൽ ചുറ്റപ്പെട്ട ഹരിതാഭമായ മറയൂർ താഴ്‌വരയിലെ നോക്കെത്താദൂരം പരന്നുകിടക്കുന്ന കരിമ്പിൻ പാടങ്ങൾ പുത്തുലഞ്ഞുനിൽക്കുന്ന കാഴ്ച വിനോദസഞ്ചാരികൾക്ക് ഹരമാണ്. അതേസമയം ചോര നീരാക്കി അദ്ധ്വാനിച്ച നൂറുകണക്കിന് കർഷകരുടെ നൊമ്പരപ്പൂക്കളാണിതെന്ന സത്യം പുറമേ നിന്ന് കാണുന്നവർ തിരിച്ചറിയുന്നില്ല. മറയൂർ- കാന്തല്ലൂർ പഞ്ചായത്തുകളിലായി 1500 ഏക്കറിലാണ് കരിമ്പ് കൃഷിയുള്ളത്. ഇതിൽ ആയിരം ഏക്കറും ഇത്തവണ പൂത്തുലഞ്ഞു.