kk
ഉടുമ്പൻചോല താലൂക്കിലെ വില്ലേജ് ഓഫീസുകളെ ബന്ധിപ്പിച്ചുകൊണ്ട് മൊബൈൽ വീഡിയോ കോൺഫറൻസിംഗ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി: സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഭരണരംഗത്ത് നൂതന കാൽവെപ്പുമായി ഇടുക്കി ജില്ലാഭരണകൂടം. ജില്ലയിലെ അഞ്ച് താലൂക്കുകളെ ഇ-ഗവേണൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റുമായി ഡെസ്‌ക്‌ ടോപ് വീഡിയോ കോൺഫറൻസ് സംവിധാനം ഒരുക്കിയതിന് പിന്നാലെ വില്ലേജ് ഓഫീസുകളെ സ്മാർട്ട്‌ ഫോണുകളിലൂടെ കലക്ടറേറ്റിനെയും താലൂക്കുകളെയും ബന്ധിപ്പിക്കു വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വന്നു. ഉടുമ്പൻചോല താലൂക്കിലെ 18 വില്ലേജ് ഓഫീസുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്നലെ രാജാക്കാട് വില്ലേജ് ഓഫീസിൽ മന്ത്രി എം.എം മണി ജില്ലാ കലക്ടർ ജീവൻ ബാബുവുമായി മൊബൈൽ വീഡിയോ കോൺഫറൻസിംഗ് നടത്തിക്കൊണ്ടാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജോയ്സ് ജോർജ് എം.പി, എ.ഡി.എം പി.ജി. രാധാകൃഷ്ണൻ, ഉടുമ്പൻചോല തഹസിൽദാർ പി. ഭാനുകുമാർ, ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ റോയി ജോസഫ്, ഐ.ടി.സെൽ കോ-ഓർഡിനേറ്റർ അനിൽ കെ. ഐസക് എന്നിവർ പങ്കെടുത്തു.

എൻ.ഐ.സി, കേരള സംസ്ഥാന ഐ.ടി മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ഇ സംവിധാനം ഒരുക്കിയത്.
ഇടുക്കിയെ ഡിജിറ്റൽ കാര്യത്തിൽ മിടുക്കിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ഉടുമ്പൻചോല താലൂക്കിന് പിന്നാലെ ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളെയും 30നകം ഈ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്ന് ഐ.ടി. മിഷൻ ജില്ല പ്രോജക്ട് മാനേജർ എസ്. നിവേദ് പറഞ്ഞു.

ജില്ല സ്മാർട്ടാകുമ്പോൾ

ജില്ലയുടെ പ്രത്യേക ഭൂപ്രകൃതി അനുസരിച്ച് ജില്ലാ കളക്ടർക്ക് തഹസിൽദാർ, വില്ലേജ് ഓഫീസർമാർ എന്നിവരുമായി നേരിട്ട് സംവദിക്കുവാൻ കഴിയുന്നത് ജില്ലയിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ കൂടുതൽ സഹായിക്കുമെന്ന് മാത്രമല്ല സ്മാർട്ട് ഫോൺവഴിയും കണക്ട് ചെയ്യാവുന്നതിനാൽ ദുരിതമേഖലയെപ്പറ്റി ജില്ലാകളക്ടർക്ക് നേരിട്ടുകണ്ട് മനസിലാക്കുവാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ഉദ്യോഗസ്ഥരുടെ സമയം വെറുതെ പാഴാകില്ല

'പ്രതിമാസ കോൺഫറൻസിനും അത്യാവശ്യഘട്ടങ്ങളിലൊഴികെ വില്ലേജ് ഓഫീസർമാർക്ക് താലൂക്ക് ഓഫീസിൽ പോകേണ്ട സാഹചര്യം ഇതുമൂലം ഒഴിവാക്കാനാകും. വില്ലേജ് ഓഫീസുകളിൽ നിന്നും താലൂക്കിലേക്കും കലക്ടറേറ്റിലേക്കും തിരിച്ചുമുള്ള യാത്രമൂലം ഒരു പ്രവൃത്തിദിവസം പൂർണമായും നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനാകും. വില്ലേജ് ഓഫീസർമാർ ഫീൽഡിൽ പോകുന്ന സന്ദർഭത്തിലും തഹസീൽദാരുമായും ജില്ലാകലക്ടറുമായി നേരിട്ട് ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കുന്നതിനും മൊബൈൽ ഗവേണൻസിലൂടെ കഴിയും'

- ജില്ലാകലക്ടർ ജീവൻബാബു .