രാജാക്കാട്: കുത്തുങ്കൽ ടൗണിൽ രാജാക്കാട്‌- നെടുങ്കണ്ടം സംസ്ഥാന പാതയിൽ ടാറിംഗ് ഇടിഞ്ഞ് താഴ്ന്ന് റോഡിനു നടുവിലുണ്ടായ വലിയ കുഴി അപകട ഭീഷണിയാകുന്നു. രണ്ടാഴ്ച മുമ്പ് നിറയെ തടി കയറ്റിയ ലോറി കടന്നുപോയതിനെ തുടർന്ന് റോഡിനു കുറുകെയുള്ള ഓടയുടെ സ്ളാബ് തകർന്നാണ് കുഴി രൂപപ്പെട്ടത്. കുത്തുങ്കൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി ടൗണിന് പിന്നിൽ മലമുകളിൽ നിന്ന് വെള്ളം പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നതിനായി വർഷങ്ങൾ മുമ്പ് നിർമ്മിച്ചതാണ് ഓട. സമീപത്തെ കടകളിലെ മലിനജലവും ഇതിലൂടെയാണ് ഒഴുക്കിവിടുന്നത്. സ്ളാബ് തകർന്ന ഭാഗം മൂന്നടിയോളം വ്യാസത്തിലും രണ്ടടിയോളം താഴ്ചയിലും കുഴി ആയി മാറിയത് തുറന്നു കിടക്കുകയാണ്. സമീപത്തെ വ്യാപാരികൾ ഇതിന്റെ വക്കിൽ ഏതാനും കല്ലുകൾ അടുക്കിയ ശേഷം ചുവന്ന കൊടി കെട്ടിയിരിക്കുന്നത് മാത്രമാണ് അപകടം തിരിച്ചറിയാനുള്ള ഏക അടയാളം. രാജാക്കാട് നിന്ന് വട്ടക്കണ്ണിപ്പാറ വഴിയും ചെമ്മണ്ണാർ കൂടിയും താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് എത്തുന്നതിനുള്ള പ്രധാന പാതയാണിത്. അടിമാലി, മൂന്നാർ, ഉടുമ്പൻചോല, രാജകുമാരി, പൂപ്പാറ, കുമളി, മുനിയറ ഭാഗങ്ങളിൽ നിന്നുള്ള ഭാരവണ്ടികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇടുങ്ങിയ ടൗണിൽ വളവോടുകൂടിയ ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുവശത്തും റോഡിനോട് തീർത്തും ചേർന്നാണ് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്. അതിനാൽ ഈ ഭാഗത്ത് ആവശ്യത്തിന് വീതിയില്ല. വലിയ വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ഭാരവണ്ടികൾ നിരന്തരം കടന്നുപോകുന്നതിനാൽ ഓടയുടെ കൂടുതൽ ഭാഗങ്ങൾ തകരുന്നതിനും സാദ്ധ്യതയുണ്ട്. മണ്ണും കല്ലും കയറി ഓട അടഞ്ഞിരിക്കുന്നതിനാൽ മഴയത്ത് മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കുഴിയിൽ കെട്ടിനിന്ന് നിറഞ്ഞ് റോഡിലൂടെ മറുവശത്തേയ്ക്ക് കുത്തിയൊഴുകുകയുമാണ്. ഇത് റോഡിന്റെ സംരക്ഷണഭിത്തിയ്ക്കും ഭീഷണിയാണ്.