hh
കരോളിൻ തോമസും ശ്രദ്ധ മരിയ സജിയും

അടിമാലി: വലിപ്പത്തിൽ കുഞ്ഞനെങ്കിലും ഗുണത്തിൽ വലിപ്പക്കാരനായ കാന്താരിയുടെ മഹത്വം വിളിച്ചോതി റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ കരോളിൻ തോമസും ശ്രദ്ധ മരിയ സജിയും. റിസേർച്ച് ടൈപ്പ് പ്രോജക്ട് സയൻസ് മത്സരത്തിലാണ് ഇരുവരും കാന്താരിയുടെ ഗുണഗണങ്ങൾ വിളിച്ചറിയിച്ച് ശ്രദ്ധേയ മത്സരം കാഴ്ച വച്ചത്. വലിപ്പത്തിൽ ഇത്തിരിക്കുഞ്ഞനെങ്കിലും ഗുണത്തിൽ വലിപ്പക്കാരനാണ് കാന്താരിയെന്നാണ് ഇരുവരുടെയും നിലപാട്. മത്സരത്തിൽ അവർ ഇക്കാര്യം അടിവരയിട്ടവതരിപ്പിക്കുകയും ചെയ്തു. സുഗന്ധറാണിയായ ഏലക്കായ്ക്കും മുകളിലാണ് ഇപ്പോൾ കാന്താരിവില. ലോകം ഇനിയും കാന്താരിയുടെ വലിപ്പം ഏറെ തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് ഇരുവരും പറയുന്നു. കാന്താരികൊണ്ടുള്ള വിവിധ ഭക്ഷണ പദാർത്ഥങ്ങൾ, ജ്യൂസും വൈനും ഉൾപ്പെടുന്ന ശീതളപാനിയങ്ങൾ എന്നിവയ്ക്കുപുറമേ കീടങ്ങളെ തുരത്തുന്ന കീടനാശിനി, കാന്താരി തിരി, കാന്താരിപൽപ്പൊടി, കറി പൗഡർ തുടങ്ങി വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന സാധ്യതയുള്ള വിവിധ ഇനങ്ങളും ഉണ്ട കാന്താരി, വെള്ളകാന്താരി, നീലകാന്താരി, നീളൻ കാന്താരി എന്നിങ്ങനെ കാന്താരി മുളകിന്റെ വിവിധ വകഭേതങ്ങളും കരോളിനും ശ്രദ്ധയും മത്സരത്തിനെത്തിച്ചു. കാഴ്ചയിൽ കുഞ്ഞനായ കാന്താരിയുടെ വലിപ്പം ഇനിയും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് മത്സരാർത്ഥികൾ ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നു.