തൊടുപുഴ: ഇടയ്ക്കാട്ട്കയറ്റം കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മ ശാസ്താക്ഷേത്രത്തിലെ തൃക്കാർത്തിക ലക്ഷദീപക്കാഴ്ച 23 ന് നടക്കും. ഇന്നുമുതൽ ദീപക്കാഴ്ചയുടെ ഒരുക്കങ്ങൾ ആരംഭിക്കും. ഒരുലക്ഷം മൺചെരാതുകളിലും നൂറ് കണക്കിന് നിലവിളക്കുകളിലുമാണ് ദീപക്കാഴ്ച ഒരുക്കുന്നത്.

23ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് കുറിഞ്ഞിലിക്കാട്ട് തൃക്കാർത്തികയുടെ ആദ്യ ദീപപ്രകാശനം നടത്തും. തുടർന്ന് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് ചെരാതുകളിലും നിലവിളക്കിലുമായി ദീപം പകർന്ന് ലക്ഷദീപക്കാഴ്ചയൊരുക്കും. തുടർന്ന് 6.30ന്‌ ഗോളകം ചാർത്തി വിശേഷാൽ ദീപാരാധന, 7ന് മഹാപ്രസാദ ഊട്ട് എന്നിവും നടക്കും.

ഇത്തവണ ശബരിമല ശ്രീധർമ്മശാസ്താരൂപം

ഇത്തവണത്തെ ദീപക്കാഴ്ചയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രഭരണസമിതി അറിയിച്ചു. ചെരാതുകൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള രൂപങ്ങൾ വരയ്ക്കുന്നതിന്റെ ഭാഗമായി ഈ വർഷം ശബരിമല ധർമ്മശാസ്താവിന്റെ രൂപമാണ് വരയ്ക്കുന്നത്. ഇതിനുവേണ്ടി 2000 ലിറ്ററോളം എണ്ണ സംഭരിച്ച് രണ്ടായിരത്തോളം കുപ്പികളിൽ നിറച്ചു കഴിഞ്ഞു. ചെരാതുകളെല്ലാം തുടച്ച് വൃത്തിയാക്കി. പ്രശാന്ത് വെങ്ങല്ലൂരാണ് ശാസ്താരൂപം വരക്കുന്നത്. ക്ഷേത്രമൈതാനം മുതൽ ഇടയ്ക്കാട്ട്കയറ്റം വരെയാണ് ദീപങ്ങൾ തെളിയിക്കുന്നത്. ആറ് വർഷംമുമ്പ് ചെറിയരീതിയിൽ ആരംഭിച്ച കുറിഞ്ഞിലിക്കാട്ട് തൃക്കാർത്തിക ദീപക്കാഴ്ച കഴിഞ്ഞവർഷം ഒരു ലക്ഷത്തി പതിനാറായിരം മൺചെരാതുകളുമായി സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ദീപക്കാഴ്ചകളിൽ ഒന്നായി മാറുകയായിരുന്നു. പി.ജി. വിജയകുമാർ (ചെയർമാൻ), കെ.എസ്. വിനോദ് (നറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ 201 അംഗ ആഘോഷ സമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.