തൊടുപുഴ: കുട്ടികൾക്കിടയിൽ സാമൂഹിക സുരക്ഷാ ബോധവൽകരണവുമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെയും കൊച്ചിൻ ഷിപ്പ്യാഡിന്റെയും നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന ക്ലാസ്മുറി 'സുരക്ഷാരഥം' ജില്ലയിൽ പര്യടനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 4 സ്‌കൂളുകളിലാണ് ഈ ആഴ്ച പര്യടനം നടത്തുന്നത്. ജില്ലയിലെ ആദ്യ പര്യടനത്തിന് കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ശീതീകരിച്ച വോൾവോ ബസിനുള്ളിൽ രണ്ട് ബാച്ചുകളായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർഥികൾക്കാണ് ബോധവൽകരണ ക്ലാസ് നടത്തിയത്. ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന അപകടങ്ങളെയും മറ്റും എങ്ങിനെ സുരക്ഷിതമായും പ്രായോഗികമായും നേരിടാമെന്നും പെട്ടെന്ന് എങ്ങിനെ സുരക്ഷ ഒരുക്കാമെന്നും പ്രതിപാദിക്കുന്ന ബോധവൽകരണമാണ് രണ്ട് മണിക്കൂർ നീളുന്ന ക്ലാസിൽ നടത്തുന്നത്.
കല്ലാനിക്കൽ സെന്റ് ജോർജ് സ്‌കൂളിൽ നടത്തിയ ക്ലാസ് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ബിജോയ് മാത്യു, പിടിഎ പ്രസിഡന്റ് ഷാജി ഓലിക്കൽ, അദ്ധ്യാപകരായ സാജു കെ.പോൾ, ഡോൺ വി. തോമസ് എന്നിവർ പ്രസംഗിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിലെ കെമിക്കൽ ഇൻസ്‌പെക്ടർ ബി.സിയാദ്, ഡോ.സിബി പുലയത്ത് എന്നിവർ ക്ലാസിനു നേതൃത്വം നൽകി.