anandan
ആനന്ദൻ

മറയൂർ: ആഡബര കാറിൽ കടത്താൻ ശ്രമിച്ച 85 കിലോ ചന്ദനവുമായി യുവാവ് വനംവകുപ്പിന്റെ പിടിയിലായി.

കുപ്രസിദ്ധ ചന്ദനമോഷ്ടാവ് കാന്തല്ലൂർ ദണ്ഡുകൊമ്പ് സ്വദേശി ആനന്ദൻ (30) ആണ് മൂന്നാർ- ഉടുമലൈപേട്ട റോഡിലെ ചിന്നാർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ പിടിയിലായത്. ഞായറാഴ്ച രാത്രി 8 നായിരുന്നു സംഭവം. ചെക്ക് പോസ്റ്റിൽ പരിശോധനക്കായി വാഹനം ഒതുക്കി നിറുത്തിയ ആനന്ദൻ കൈയ്യിലുണ്ടായിരുന്ന മൊബൈൽ വലിച്ചെറിഞ്ഞ ശേഷം ഇറങ്ങി ഓടി. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരും ട്രക്കർമാരും ഇയാളെ പിന്തുർന്ന് പിടിക്കുകയായിരുന്നു. പിന്നീട് വാഹനം പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ ഒളിപ്പിച്ച ചന്ദനമുട്ടികൾ കണ്ടെടുക്കുകയായിരുന്നു. ഇതിന് 15 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാറും ചന്ദനവും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തു. കാറിൽ പാലക്കാട് എത്തിച്ച് ചന്ദനം വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചു. മറയൂർ, കാന്തല്ലൂർ റേഞ്ചുകളിൽ പത്തിലധികം ചന്ദനമോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. മുമ്പ് കാന്തല്ലൂർ റേഞ്ചിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു.

കാന്തല്ലൂർ പൊങ്ങുംപിള്ളി ആദിവാസി കോളനിയിലെ മുരുകൻ എന്നയാളിൽ നിന്ന് 50,000 രൂപ നല്കി വാങ്ങിയതാണെന്നും കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിന് പിൻവശത്തുവച്ചാണ് ചന്ദനം വാഹനത്തിൽ കയറ്റിയതെന്നും ആനന്ദൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ചന്ദനം പാലക്കാട് കൊണ്ടുപോയി വിൽപ്പന നടത്തിയശേഷം തൂക്കത്തിന് അനുസരിച്ച് ബാക്കി തുക നല്കണമെന്നായിരുന്നു മുരുകനുമായുള്ള കരാർ. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് മറയൂർ ചന്ദന ഡിവിഷനിലേക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആനന്ദന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.