മറയൂർ: ശനിയാഴ്ച രാത്രി കോവിൽക്കടവ് ടൗണിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടർ തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. സിസിടിവി കാമറയിൽ നിന്ന് ലഭിച്ച ചിത്രത്തിൽ മോഷ്ടാവ് മങ്കിത്തൊപ്പി കൊണ്ട്മുഖം മറച്ച നിലയിലാണ്. ഇതുകൊണ്ട് ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൗണ്ടർ തകർത്തെങ്കിലും പണം എടുക്കുന്നതിന് കഴിഞ്ഞിരുന്നില്ല. ജില്ല പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ, ഇൻസ്പെക്ടർ സാം ജോസ്, മറയൂർ എസ്.ഐ ജി.അജയകുമാർ, അഡീഷണൽ എസ്.ഐ റ്റി.ആർ.രാജൻ എന്നിവർ ഇന്നലെ സ്ഥലത്തെത്തി വിശദമായി തെളിവെടുപ്പ് നടത്തി. രാത്രി 12.15 നാണ് എ.ടി.എം കൗണ്ടർ പൊളിച്ചത്. നീലപാന്റും ഷർട്ടും അണിഞ്ഞ് ഉയരമുള്ളയാളാണ് മോഷണശ്രമം നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കൗണ്ടറിനകത്ത് കയറിയ മോഷ്ടാവ് ആദ്യം കാമറ പ്ലാസ്റ്റർ ഒട്ടിച്ച് മറച്ച ശേഷമാണ് ഓപ്പറേഷൻ തുടങ്ങിയത്. ഞായറാഴ്ച പുലർച്ചെ 6.30ന് സമീപത്ത് വ്യാപാരിയാണ് മോഷണശ്രമം കണ്ടെത്തി പൊലീസിനെ അറിയിച്ചത്. ഞായറാഴ്ച ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം 21 ലക്ഷം രൂപ എ.ടി.എമ്മിൽ നിറച്ചിരുന്നു. ശനിയാഴ്ച രാത്രി 9.30 വരെ എ.ടി.എമ്മിൽ നിന്ന് ഇടപാടുകാർ പണം പിൻവലിച്ചട്ടുമുണ്ട്. ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലും മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലും രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകായണ്.