കുമളി: റോഡരികിൽ മാലിന്യം നിക്ഷേപിച്ച ഹോട്ടലിനെതിരെ ഗ്രാമപഞ്ചായത്തിന്റെ കർശന നടപടി.
കൊല്ലംപട്ടട - കുരിശുമല റോഡിന്റെ വശങ്ങളിൽ മാലിന്യം നിക്ഷേപിച്ചതിന് പെപ്പർ ഗേറ്റ് ഹോട്ടൽ ഉടമ 25000 രൂപപിഴ അടയ്ക്കാനാണ് പഞ്ചായത്ത് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് പുറമെ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്. ഹോളിഡേഹോം പരിസരത്ത് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ ഇത് നീക്കംചെയ്താൽ അടുത്തദിവസം ദിവസം വീണ്ടും അതേ സ്ഥലത്ത് മാലിന്യം കുന്നുകൂടും. ഇതിന്റെ ഉറവിടം കണ്ടെത്താൻ പഞ്ചായത്ത് നിരീക്ഷണം ഏർപ്പെടുത്തിയെങ്കിലും ഫലപ്രദമായില്ല. പഞ്ചായത്തിന്റെ ശുചീകരണ വിഭാഗമായ 'ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റി'യുടെ ജീവനക്കാർ വിവാദ സ്ഥലത്തുനിന്ന് കണ്ടെടുത്ത മാലിന്യം നിറച്ചചാക്ക് തുറന്ന് പരിശോധിച്ചപ്പോൾ കുമളി മൂന്നാർ റോഡിൽ പ്രവർത്തിക്കുന്ന പെപ്പർ ഗേറ്റ് എന്ന ഹോട്ടലിലേതാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 2 മാസമായി മാലിന്യ സംസ്‌കരണത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതർ നിരന്തരം ബോധവൽക്കരണ പരിപാടികൾ നടത്തുകയും, മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിയമലംഘനം തുടർന്നതാണ് പഞ്ചായത്തിനെ ചൊടിപ്പിച്ചത്. ദിവസവും ഈ ഹോട്ടലിന്റെ മുമ്പിൽ കൂടി മാലിന്യം ശേഖരിക്കുന്ന വാഹനം കടന്നു പോകന്നതാണ്. വാഹനത്തിൽ മാലിന്യം എത്തിച്ച് കൊടുക്കുന്നതിന് പകരം ഒന്നര കിലോമീറ്റർ അകലെ ഹോളിഡേ ഹോം പരിസരത്ത് കൊണ്ടുപോയി റോഡിൽ നിക്ഷേപിക്കുകയായിരുന്നു. അതിനെതിരായ നടപടി എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്നും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് പറഞ്ഞു.