കട്ടപ്പന: കറുത്ത പൊന്നെന്ന് ഖ്യാതികേട്ട കുരുമുളകും വിവരസാങ്കോതിക വിദ്യയുടെ ലോകത്ത് ന്യൂജെൻ ആകുന്നു.
കുരുമുളകിന്റെ വിലത്തകർച്ചയും കീടബാധയുമെല്ലാം കർഷകരുടെ ജീവിതം ദുരിതപൂർണമാക്കുന്ന വേളയിലാണ് സാങ്കേതികവിദ്യയുടെ പിന്തുണയിൽ പരിഹാരമാർഗം തേടി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയും ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട് ഫോമും കൂടിചേർന്നാണ് ആപ്പിന് രൂപം നൽകിയിട്ടുള്ളത്.
കുരുമുളകിന്റെ ആരോഗ്യവും ഉല്പാദനവും വിതരണവും വില്പനയും സംബന്ധിച്ചു രാജ്യത്തെ ഓരോ കർഷകനും നേരിടുന്ന പ്രശ്‌നങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ പരിഹാരം നൽകുന്ന സംവിധാനമാണിത് . കാർഷികഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, ദേശിയ അന്തർദേശിയ വിപണി എന്നിവയുമായി മൊബൈൽ ആപ്പ് കുരുമുളക് കർഷകരെ ബന്ധിപ്പിക്കും. കൃഷിരീതികൾ, കീടരോഗങ്ങൾ, രാസവസ്തു , പരിശീലനം വളപ്രയോഗം, വിലനിലവാരം എന്നിവ ആപ്പിന്റെ മുഖപേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അറിയിപ്പുകളും, കാലാവസ്ഥയും ഡയറിയും ഇതിലൂടെ ലഭ്യമാകും. സഹായങ്ങൾക്ക് പ്രത്യേക ഐക്കണും ഉണ്ട്. ഓരോ സമയത്തും പ്രയോഗിക്കേണ്ട രാസവളങ്ങൾ അവയുടെ തോത്, ഉപയോഗം തുടങ്ങി കുരുമുളകിന്റെ എല്ലാ പരിചരണരീതികളും ഇതിൽ ലഭ്യമാണ് .കീടബാധകളെ കുറിച്ചും അവയെ പ്രതിരോധിക്കേണ്ട രീതിയെക്കുറിച്ചും വിവരങ്ങൾ നൽകും . ഇന്റർനെറ് ഇല്ലാത്ത സമയത്തും ഓഫ് ലൈൻ മോഡിലും ആപ്പ് പ്രവർത്തിക്കും.
പ്ലേ സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം
മലയാളം , തമിഴ് , കന്നഡ , ഹിന്ദി ഇംഗ്ലീഷ് , എന്നീ ഭാഷകളിൽ ആപ്പ് ലഭ്യമാണ് ആൻഡ്രോയിഡ് ഫോണിൽ നിന്നും ആപ്പിൽ ഫോണിൽ നിന്നും പ്ലേസ്റ്റോർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.