samber-deer-deth
തിട്ടയിൽനിന്ന് വീണ് ചത്ത മ്ലാവ്

ചെറുതോണി: നാട്ടിലിറങ്ങിയ മ്ലാവ് തിട്ടയിൽനിന്ന് വീണു ചത്തു. ഇന്നലെ രാവിലെ 8ന് വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ പബ്ലിക്‌സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിലാണ് മ്ലാവ് വീണത്. സ്‌കൂളിന് സമീപമുള്ള കട്ടിംഗിൽ നിന്ന് താഴെയുള്ള കരിങ്കൽ കൂനയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു.കരിങ്കലിൽ ഇടിച്ച് തലയ്ക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് വനംവകുപ്പ് അധികൃതരും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും പറഞ്ഞു. 200 കിലോയോളം തൂക്കംവരുന്ന മ്ലാവിന് അഞ്ചുവയസ് പ്രായമുണ്ട്. മ്ലാവിന്റെ ജഡം നഗരംപാറ റെയ്ഞ്ചാഫീസിന് സമീപം എത്തിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം മണ്ണെണ്ണ ഒഴിച്ച് മറവുചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് മൃഗഡോക്ടർ സാം, നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജോജി എം ജേക്കബ്‌ എന്നിവർ പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകി. പ്രളയക്കെടുതിയെ തുടർന്ന് നിരവധി വന്യമൃഗങ്ങൾ കാട്ടിൽ നിന്ന് കൂട്ടംതെറ്റി നാട്ടിലെത്തിയിട്ടുണ്ടെന്നും അതിൽപ്പെട്ടതാകാം അപകടത്തിൽപെട്ട മ്ലാവെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.