ചെറുതോണി: ടൂറിസത്തിന്റെ മറവില്‍ മദ്യവില്‍പ്പനയും മദ്യപാനികളുടെ അഴിഞ്ഞാട്ടവും. ചേലച്ചുവട് കട്ടിംഗിലുള്ള കല്ലിന്മേല്‍കല്ലിന് ചുറ്റുമാണ് മദ്യപാനികള്‍ വിഹരിക്കുന്നത്. ഇടുക്കി- അടിമാലി റൂട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കല്ലിന്മേല്‍കല്ല് സഞ്ചാരികളുടെ ഇഷ്ടതാവളമാണ്. എന്നാൽ അടുത്ത കാലത്തായി വൈകിട്ട് അഞ്ച് കഴിഞ്ഞാല്‍ രാത്രിവരെ മദ്യപാനികളുടെ നിയന്ത്രണത്തിലാണിവിടം. കൂടുതലും ഇരുചക്ര വാഹനങ്ങളിലെത്തുന്ന യുവാക്കള്‍ മദ്യപിച്ചശേഷം രാത്രി ഇവിടെതന്നെ കിടന്നുറങ്ങുന്നതും പതിവാണ്. ഇവര്‍ മദ്യപിച്ചശേഷം കുപ്പികള്‍ വലിച്ചെറിയുന്നതുമൂലം തൊട്ടടുത്തുള്ള സ്ഥലങ്ങള്‍ കുപ്പിചില്ലുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. 18 വയസു മുതല്‍ പ്രായംചെന്നവര്‍ വരെ ഇവിടെ മദ്യപിക്കാന്‍ എത്തുന്നു. ഇവര്‍ക്ക് ഇഷ്ടാനുസരണം മദ്യവും കഞ്ചാവും എത്തിച്ചുനല്‍കാന്‍ സ്ഥിരം ഏജന്റുമാരുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കല്ലിന്മേല്‍കല്ലിന്റെ മറവിലായതിനാല്‍ പുറത്തു നിന്ന് നോക്കിയാലും കാണാന്‍ സാധിക്കില്ല. ടൂറിസം വകുപ്പിന്റെ പരിഗണനയിലുള്ള സ്ഥലമാണ് ഇവിടം. മദ്യപാനികള്‍ ഇവിടം താവളമാക്കിയതോടെ വിനോദ സഞ്ചാരികള്‍ ഇങ്ങോട്ട് എത്താറില്ല. അതിനാല്‍ കഞ്ഞിക്കുഴി പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരാവശ്യെപ്പട്ടു.