രാജാക്കാട്: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ലഘൂകരിയ്ക്കുന്നതിന് 11 വർഷം മുൻപ് തുടക്കംകുറിച്ച പള്ളിവാസൽ വിപുലീകരണപദ്ധതി പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു.
2011ൽ പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യേണ്ട പദ്ധതി 2018 പിന്നിടുമ്പോഴും എവിടെയുമെത്തിയിട്ടില്ല. കോടികൾ വില മതിക്കുന്ന നിർമ്മാണ സാമഗ്രികളും പെൻസ്റ്റോക് പൈപ്പുകളും തുരുമ്പെടുത്ത് നശിക്കുകയാണ്. കോടികൾ മുടക്കി പുറമെനിന്നും വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിലാണ് ഒരു പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ കാര്യത്തിൽ അധികൃതരുടെ അനാസ്ഥതുടരുന്നത്. മാത്രവുമല്ല നിർദ്ദിഷ്ട പള്ളിവാസൽ വിപുലീകരണ പദ്ധതി പൂർത്തിയാകുന്നതോടെ നിലവിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന കാലഹരണപ്പെട്ട പഴയ പെൻസ്റ്റോക് പൈപ്പുകൾ ഉപേക്ഷിച്ച് ആയിരക്കണക്കിന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാനും കഴിയും.
കോടതി കയറിയ പദ്ധതി
പദ്ധതി ആരംഭിച്ച് പതിനൊന്ന് വർഷത്തിന് ശേഷം നിർമ്മാണ ചുമതലുയുള്ള കമ്പനിയെ കരാറിൽ നിന്നും നീക്കം ചെയ്തു. തുടർ പ്രവർത്തനം നടത്തുന്നതിനെതിരേ ഈ കമ്പനി ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി. ഇതോടെ പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി പൂർണമായി നിലച്ചിരിക്കുകയാണ്.
നിലവിലെ ഉപഭോഗം 75 മില്യൺ യൂണിറ്റ്
നിലവിൽ സംസ്ഥാനത്ത് പ്രതിദിനം 75 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. ഇതിന്റെ 80 ശതമാനവും പുറത്തു നിന്നുമാണ് വാങ്ങുന്നത്. 35 മില്യൺ യൂണിറ്റ് കേന്ദ്ര വിഹതമായി ലഭിയ്ക്കുമ്പോൾ 15 മില്യൺ യൂണിറ്റ് സ്‌കാര്യ കമ്പനിയിൽ നിന്നും വാങ്ങുകയാണ്.
ലക്ഷ്യം തെറ്റി
2007 മാർച്ച് ഒന്നിനാണ് 60 മെഗാവാട്ട് വെദ്യുതി ഉൽപ്പാദിപ്പിക്കുവാൻ കഴിയുന്ന പള്ളിവാസൽ വിപുലീകരണ പദ്ധതിയിക്ക് തുടക്കമിട്ടത്. 4 വർഷം കൊണ്ട് പൂർത്തീകരിച്ച് 2011 മാർച്ച് 1ന് കമ്മീഷൻ ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ വന്ന അലംഭാവം മൂലം പദ്ധതി അനന്തമായി നീണ്ടു. ഇതോടെ നിർമ്മാണത്തിനായി എത്തിച്ച പെൻസ്റ്റോക് പൈപ്പുകളം മറ്റ് വിലപിടിച്ച ഉപകരണങ്ങളും നിലവിൽ തുരുമ്പെടുത്ത് നശിക്കുവാൻ തുടങ്ങി.