ചെറുതോണി: പലചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ യുവാവിനെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. മണിയാറൻകുടി പടിഞ്ഞാറേക്കരയിൽ ബൈജുവിന്റെ മകൻ ബൈജേഷ് (19) നെയാണ് പിടികൂടിയത്. ഞായറാഴ്ച രാത്രിയിൽ മണിയാറൻകുടി റോയി ജോസഫിന്റെ പലചരക്ക് കട കുത്തിതുറന്ന് കടയിൽ സൂക്ഷിച്ചിരുന്ന അഞ്ചുലിറ്റർ പെട്രോളും മൂവായിരം രൂപയും മോഷ്ടിക്കുകയായിരുന്നു. പരാതി ലഭിച്ചതിനേ തുടർന്ന് ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ബൈജേഷിനെ പിടികൂടുകയായിരുന്നു. മോഷണത്തിൽ രണ്ട് കൂട്ടുപ്രതികൾ കൂടെയുണ്ടെങ്കിലും ഇവർ ഒളിവിലാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ പേരിൽ വേറെ മൂന്നു കേസുകൾ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ ടി.സി. മുരുകൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജോർജുകുട്ടി, സാംകുട്ടി, അനസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മണിയാറൻകുടിയിൽ സാമൂഹിക വിരുദ്ധരുടെയും മോഷ്ടാക്കളുടെയും വ്യാജമദ്യ വിൽപനക്കാരുടെയും കേന്ദ്രമായി മാറിയതായി നാട്ടുകാർ പറയുന്നു.