ration
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ തൊടുപുഴ താലൂക്ക് സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, വൈസ് പ്രസിഡന്റ് സിമോഹനൻപിള്ള, എ.വിജോർജ്, വി.വിബേബി, എസ്.എം റെജി, ജോഷി ജോസഫ്, ഷമീർ കാരിക്കോട്, വി.എ. ജിന്ന തുടങ്ങിയവർ സമീപം.

തൊടുപുഴ: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് 30ന് മുമ്പ് നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാന സർക്കാരുമായി നിസഹകരിക്കേണ്ടി വരുമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. എ.കെ.ആർ.ആർ.ഡി.എ തൊടുപുഴ താലൂക്ക് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാതിൽപ്പടി വിതരണനിയമമനുസരിച്ച് ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിലെത്തിച്ച് വ്യാപാരികളെ ബോധ്യപ്പെടുത്തി തൂക്കി നൽകാത്തത് പ്രതിഷേധാർഹമാണ്. കോടതിവിധി ഉണ്ടായിട്ടുപോലും ഇത്തരത്തിൽ സപ്ലൈകോയും ഭക്ഷ്യവകുപ്പും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. നിലവിലുള്ള റേഷൻകടകൾ ഒരെണ്ണം പോലും നിറുത്തലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ.വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. മോഹനൻപിള്ള ശില്പശാലയ്ക്ക് നേതൃത്വം നൽകി. എറണാകുളം ജില്ലാ പ്രസിഡന്റ് വി.വി. ബേബി, താലൂക്ക് സെക്രട്ടറി എസ്.എം. റെജി, ട്രഷറർ ജോഷി ജോസഫ്, ഷമീർ കാരിക്കോട്, വി.എ. ജിന്ന എന്നിവർ പ്രസംഗിച്ചു.