തൊടുപുഴ: ബി.ജെ.പിയുടെ ശബരിമല സമരം സ്ത്രീപ്രവേശനത്തിനെതിരല്ലെന്നും കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണെന്നുമുള്ള സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുടെ തുറന്നുപറച്ചിലിനെപ്പറ്റി വിശ്വാസി സമൂഹം ആലോചിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർക്കെതിരായ സമരം ശബരിമല
കേന്ദ്രീകരിച്ചാണോ നടത്തേണ്ടത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി നിയമപരമായി ചോദ്യം ചെയ്യുന്നതിനു പകരം ബി.ജെ.പിയും സംഘപരിവാറും നിയമ വാഴ്ചയെയും ജനാധിപത്യത്തെയും തകർക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലെ ക്ഷേത്ര പരിസരങ്ങളെ ആർ.എസ്.എസ് തെമ്മാടി വിളയാട്ട കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണ്. ആചാര സംരക്ഷണത്തിന്റെ പേരിൽ സമരം നടത്തുന്നവർ പരസ്യമായി ആചാര ലംഘനങ്ങൾ നടത്തുകയും ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ആക്രമിക്കുകയും ചെയ്യുന്നു. ആർ.എസ്.എസിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർ മാത്രമേ വിശ്വാസികളാകൂ എന്നാണ് ഈ കൂട്ടരുടെ നിലപാടെന്ന് സ്ത്രീ സമൂഹം തിരിച്ചറിയണം. കേരളത്തെ പഴയകാലത്തേയ്ക്ക് തിരിച്ചുകൊണ്ടുപോകുന്ന പ്രതിലോമ സമരമാണ് തെരുവിൽ നടക്കുന്നത്. വിശ്വാസികളെ ഇടതുപക്ഷ ജനാധിപത്യ സർക്കാരിനെതിരെ തിരിച്ചു വിട്ട് സർക്കാരിനെ തകർക്കാനും നിയമവാഴ്ചയെയും ജനാധിപത്യത്തെയും തച്ചുടയ്ക്കാനുമാണ് സവർണ ശക്തികളുടെ ശ്രമം. ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ഇതിനെതിരെ കേരളത്തിന്റെ മതേതര മനസ് ഒന്നിക്കണമെന്നും ശിവരാമൻ പറഞ്ഞു.