പൈനാവ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധികാര കൈമാറ്റത്തെ ചൊല്ലി യു.ഡി.എഫിൽ പടലപ്പിണക്കം. ജില്ലയിലെ 14 പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ തർക്കം. ആദ്യ മൂന്നു വർഷം പൂർത്തിയാക്കിയവർ മുൻധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞ് മുന്നണി മര്യാദ പാലിക്കണമെന്നതാണ് ഇരു മുന്നണികളും ആവശ്യപ്പെടുന്നതെങ്കിലും പ്രസിഡന്റുമാരുമായി അടുപ്പമുള്ളവരാണ് ഇതിന് തടസമാകുന്നത്. പ്രശ്‌ന പരിഹാരത്തിന് യു.ഡി.എഫ് ജില്ലാ നേതൃത്വം ശ്രമം നടത്തിവരികയാണ്. ഇതിനിടയിൽ പ്രദേശിക തീരുമാനം മാനിച്ച് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഇന്ന് രാജിവയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന കമ്മിറ്റിയിൽ രാജി പ്രഖ്യാപിക്കാനാണ് നീക്കം. തുടർന്ന് കേരള കോൺഗ്രസിലെ ഷിജോ തടത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കും. ജില്ലയിൽ അധികാര കൈമാറ്റം കൊണ്ട് കോൺഗ്രസിനാണ് ഏറെ നേട്ടം. എന്നാൽ പ്രശ്‌നങ്ങൾ കൂടാതെ ഇത് സാധ്യമാകില്ലെന്ന തിരിച്ചറിവിലാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായത്തിന് കാത്തു നിൽക്കാതെ വാഴത്തോപ്പ് പഞ്ചായത്തിൽ കോൺഗ്രസ് അധികാരം ഒഴിയുന്നത്. ആദ്യ രണ്ട് വർഷം കേരളാ കോൺഗ്രസിനും അവസാന മൂന്നു വർഷം കോൺഗ്രസിനും എന്നതായിരുന്നു ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കിയിരുന്ന ധാരണ. എന്നാൽ കോൺഗ്രസ് പ്രദേശിക നേതൃത്വം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് കോൺഗ്രസില ആൻസി തോമസ് പ്രസിഡന്റായി. കേരളാ കോൺഗ്രസിലെ ടോമി ജോർജിന് വൈസ് പ്രസിഡന്റ് സ്ഥാനവും നൽകി. എന്നാൽ രണ്ട് വർഷം പൂർത്തിയായപ്പോൾ കേരളാ കോൺഗ്രസിലെ തന്നെ ഷിജോ തടത്തിലിന് വൈസ് പ്രസിഡന്റ് സ്ഥാനം വിട്ടു നൽകി. ഈ മാസം 18 ന് മൂന്നു വർഷം പൂർത്തിയായതോടെ കേരളാ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതംഗീകരിക്കാൻ കേരളാ കോൺഗ്രസ് തയ്യാറായില്ല. കാരണം തിരഞ്ഞെടുപ്പ് കാലത്ത് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വവും തയ്യാറായിരുന്നില്ല. തുടർന്ന് അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് കോൺഗ്രസ് ജില്ലയിലാകമാനം പ്രശ്‌ന പരിഹാരത്തിന് മന്നോടിയെന്ന നിലയിൽ ഇന്ന് രാജി വയ്ക്കുന്നത്. ആൻസി തോമസ് സ്ഥാനമൊഴിയമ്പോൾ കേരളാ കോൺഗ്രസിലെ റിൻസി സിബി പ്രസിഡന്റാകും. ഷിജോ തടത്തിൽ സ്ഥാനം ഒഴിയുമ്പോൾ കോൺഗ്രസിലെ കെ.എൻ. ജലാലുദ്ദീൻ വൈസ് പ്രസിഡന്റാകും. എന്നാൽ കോൺഗ്രസിലെ തന്നെ റോയി ജോസഫും വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുണ്ട്. പക്ഷേ ഇദ്ദേഹത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം ഉള്ളതിനാൽ ജലാലുദ്ദീന് തന്നെയാണ് ഉപാധ്യക്ഷ സ്ഥാനം ലഭിക്കുക.