കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. രണ്ടാം വാർഡ് അംഗമായി വിജയിച്ച ടി.സി. ഗോപാലകൃഷ്ണന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 29 നാണ് തിരഞ്ഞെടുപ്പ്. സി.പി.എമ്മിന്റെ കുത്തക വാർഡിൽ ഇത്തവണ നടക്കുന്നത് തീപാറുന്ന ത്രികോണ മത്സരമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം.കെ. സോമനും സി.പി.എം സ്ഥാനാർത്ഥിയായി രാജൻ പുന്നപ്പാറയുമാണ് മത്സരിക്കുന്നത്. ഇവർക്കെതിരെ സി.പി.ഐ ഉൾപ്പടെയുള്ള ഒരു വിഭാഗം രാജന്റെ ജ്യേഷ്ഠൻ പി.കെ. ശശിയെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. കൈപ്പയിൽ പാറമട തുടങ്ങാൻ ശ്രമിക്കുന്നതിന്റെ പേരിൽ സി.പി.എം വിട്ട് ഒരു വിഭാഗം ആളുകൾ സി.പി.ഐയിൽ ചേർന്നിരുന്നു. ഇവരാണ് ശശിയെ സ്ഥാനാർത്ഥി ആക്കിയിരിക്കുന്നത്. മൂന്നു സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസം മന്ത്രി എം.എം. മണി ഇവിടെ രണ്ടു കുടുംബയോഗങ്ങളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടി.സി. ഗോപാലകൃഷ്ണൻ 97 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 13 അംഗ കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണപക്ഷമായ യു.ഡി.എഫിന് എട്ട് അംഗങ്ങളും എൽ.ഡി.എഫിന് രണ്ട് അംഗങ്ങളും ബി.ജെ.പിയ്ക്ക് രണ്ട് അംഗങ്ങളുമാണുള്ളത്.