നെടുങ്കണ്ടം: എസ്.ഡി.പി.ഐ പ്രവർത്തകർ ബി.ജെ.പി നേതാവിനെ വെട്ടിപരിക്കേൽപ്പിച്ചതായി പരാതി. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബി.ജെ.പി.കരുണാപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രാമക്കൽമേട് വെട്ടിക്കൽ വീട്ടിൽ സൂര്യകുമാറിനെയാണ് (35) തിങ്കളാഴ്ച രാത്രി ഒമ്പതോടെ ഒരു സംഘംപേർ പേർ ചേർന്ന് ബാലൻപിള്ളസിറ്റി ടൗണിലിട്ട് ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ സൂര്യകുമാർ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന നാമജപ ജാഥയ്ക്കിടെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ജാഥയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. മാദ്ധ്യമ പ്രവർത്തകരല്ലാത്ത യുവാക്കൾ ദൃശ്യങ്ങൾ പകർത്തിയതിനെ സൂര്യകുമാറിന്റെ നേതൃത്വത്തിൽ ശബരിമല കർമ്മസമിതി പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇവർ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നും ഇവരെ ചോദ്യം ചെയ്തതിന് പ്രതികാരമായാണ് സൂര്യകുമാറിനെ ഇരുട്ടിന്റെ മറവിൽ അക്രമിച്ച് വകവരുത്താൻ ശ്രമിച്ചതെന്നും ബി.ജെ.പി.നേതാക്കൾ ആരോപിച്ചു. സംഭവത്തെത്തുടർന്ന് ബാലൻപിള്ളസിറ്റിയിൽ ചൊവ്വാഴ്ച വൈകിട്ട് ബി.ജെ.പി.യുടെയും ശബരിമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കടയടച്ച് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന തന്നെ കുറച്ച് പേർ ചേർന്ന് യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നെന്നാണ് സൂര്യകുമാർ പറയുന്നത്. അക്രമികളുടെ കൈവശമുണ്ടായിരുന്ന മുള്ള് പിടിപ്പിച്ച കമ്പിവടികൊണ്ട് വലത്തെ കാലിന്റെ മുട്ടിന് താഴെ അടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ് തന്നെ ചവിട്ടി. തന്റെ നിലവിളികേട്ട് നാട്ടുകാർ ഓടി കൂടിയതോടെ അക്രമികൾ ഓടി രക്ഷപെടുകയായിരുന്നെന്നും സൂര്യകുമാർ പറഞ്ഞു. അക്രമത്തിൽ വലതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. മുള്ള് പിടിപ്പിച്ച കമ്പിവടികൊണ്ടുള്ള അടിയേറ്റ് കാലിൽ നിരവധി മുറിവുകളുണ്ട്. ദേഹമാസകലം ചവിട്ടിയതിന്റെ പാടുകളുമുണ്ട്. ആറ് മാസമെങ്കിലും വിശ്രമം വേണമെന്നും ചിലപ്പോൾ കാലിൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചതായി സൂര്യകുമാറിന്റെ ബന്ധുക്കൾ അറിയിച്ചു. അക്രമം നടത്തിയതിൽ രണ്ട് പേരെ തിരച്ചറിഞ്ഞതായി നെടുങ്കണ്ടം എസ്.ഐ മനേഷ് പൗലോസ് പറഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷികളില്ല. അക്രമികളെത്തിയ രണ്ട് വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. അക്രമി സംഘത്തിൽ എത്രപേരുണ്ട് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ജാമ്യമില്ലാത്തവകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും എസ്.ഐ. അറിയിച്ചു.
ആരോപണം അടിസ്ഥാന രഹിതം: എസ്.ഡി.പി.ഐ
ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ തങ്ങൾക്കു പങ്കുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ്.ഡി.പി.ഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇത് പാർട്ടിയെയും നേതാക്കളെയും ജനങ്ങൾക്കു മുമ്പിൽ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഗൂഢനീക്കമാണ്. തികച്ചും വ്യക്തിപരമായ പ്രശ്‌നത്തെ പാർട്ടിയുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ഈ സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ്.ഡി.പി.ഐ ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷറഫുദ്ദീൻ, മണ്ഡലം സെക്രട്ടറി അബ്ദുസലാം കല്ലാർ എന്നിവർ വ്യക്തമാക്കി.