മറയൂർ: വീട്ടുകാർ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലേക്ക് പോയ തക്കത്തിന് പുരയിടത്തിൽ നിന്ന ചന്ദനമരം മോഷ്ടാക്കൾ കൊണ്ടുപോയി.
കാന്തല്ലൂർ ദണ്ഡുക്കോമ്പ് മുനിയറയിൽ കണ്ണപ്പന്റെ വീടിനോട് ചേർന്ന് നിന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരമാണ് വെട്ടിക്കടത്തിയത്. രണ്ടു ദിവസം മുമ്പാണ് കണ്ണപ്പനും ഭാര്യയും ചികിത്സയ്ക്കായി മധുരയ്ക്ക് പോയത്. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും തന്നെയില്ലായിരുന്നു. രാത്രി പതിനൊന്നരയോടെ വളർത്ത് നായ അസ്വാഭാ്വികമായി കുരയ്ക്കുകയും മരംവീഴുന്ന ശബ്ദവും കേട്ട് സമീപമവാസികൾ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ചന്ദനവുമായി കടന്നുകളഞ്ഞിരുന്നു. ഉടമസ്ഥർ സ്ഥലത്ത് ഇല്ലാത്തതിനാൽ വനം വകുപ്പിലോ പൊലീസിലോ ആരും പരാതി നൽകിയില്ല. സ്വകാര്യ റവന്യു ഭൂമികൾ കേന്ദ്രീകരിച്ച് അമ്പതിലധികം ചന്ദന മരങ്ങളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ മോഷണം പോയത്.