കുമളി: വള്ളക്കടവിലൂടെ അണക്കെട്ടിലേക്കുള്ള വനപാത സഞ്ചാര യോഗ്യമാക്കണമെന്ന് മുല്ലപ്പെരിയാർ ഉപസമിതിയിലെ തമിഴ്‌നാട് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇന്നലെ അണക്കെട്ട് സന്ദർശിച്ചശേഷംനടന്ന ചർച്ചയിലാണ് തമിഴ്നാട് ഇക്കാര്യം ഉന്നയിച്ചത്. പെരിയാർ കടുവ സങ്കേതത്തിലെ റോഡിന് അനുമതി നൽകേണ്ടത് വനം വകുപ്പാണെന്ന് കേരളം അറിയിച്ചു. ഉപസമിതി ചെയർമാൻ വി.എസ്. രാജേഷ്, അംഗങ്ങളായ ഗിരിജ ഭായി, എൻ.എസ്. പ്രസീദ്, തമിഴ്‌നാട് പ്രതിനിധികളായ സുബ്രഹ്മണ്യൻ, സാം ഇർവിൻ എന്നിവരാണ് പ്രധാന അണക്കെട്ട്, ബേബിഡാം, ഇൻസ്‌പെക്‌ഷൻ ഗാലറി, സ്പിൽവേ എന്നിവിടങ്ങൾ സന്ദർശിച്ചത്. തുടർന്ന് സ്‌പിൽവേയിലെ നാല് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. അണക്കെട്ടിന്റെ ഘടനാ വ്യതിയാനങ്ങളെ പറ്റിയുള്ള പഠനത്തിന് സർവേ നടത്താനും സമിതി തീരുമാനിച്ചു. 129.4 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. തുലാവർഷത്തിൽ ഇത് ഉയരുമെന്ന ആശങ്കയുമുണ്ട്.