കട്ടപ്പന: മാസങ്ങൾക്ക് ശേഷം മാലിമുളകിന്റെ വില ഉയരുന്നത് കർഷകരിൽ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കേവലം 20 രൂപ മാത്രം വില ലഭിച്ചിരുന്ന മുളകിന് ഇന്നലെത്തെ മാർക്കറ്റ് വില 180 ആയിരുന്നു. ഗുമേന്മയുള്ള മുളകിന് 220 വരെയും വില ലഭിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ 200ന് മുകളിൽ വില ലഭിച്ചിരുന്നപ്പോൾ ഹൈറേഞ്ചിൽ വ്യാപകമായി മുളക് കൃഷി ചെയ്തിരുന്നു. എന്നാൽ വിളവ് എടുക്കുന്ന ഘട്ടമായപ്പോഴേക്കും വില കുറഞ്ഞ് 20 രൂപയിൽ എത്തിയിരുന്നു.ഇത് കർഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. എന്നാൽ പിന്നീട് ഉണ്ടായ പ്രളയത്തിൽ കൃഷി നശിക്കുകകൂടി ചെയ്തതോടെ ഉത്പാദനം പകുതിയായി കുറഞ്ഞിരുന്നു. ഉത്പാദനം കുറഞ്ഞതോടെ മുളകിന്റെ വിലയിൽ മാറ്റം കണ്ടു തുടങ്ങുകയായിരുന്നു. വിളവെടുപ്പ് പോലും വേണ്ടന്ന് വെച്ചിരുന്ന കർഷകർ വില ഉയർന്നതോടെ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ മറ്റ് കാർഷിക വിളകളെകളെക്കാൾ ഉത്പാദന ചിലവ് കുറഞ്ഞ വിളയാണ് മാലി മുളക്. മുൻവർഷങ്ങളിൽ കാർഷിക വിളകൾക്കുണ്ടാകുന്ന വില തകർച്ചയിൽ നിന്ന് കർഷകരെ പിടിച്ചു നിർത്തിയിരുന്നത് മാലിമുളകായിരുന്നു. ഹൈറേഞ്ചിലെ, അടിമാലി, കട്ടപ്പന, കാഞ്ചിയാർ, തങ്കമണി തുടങ്ങിയ മേഖലകളിലാണ് മാലിമുളകിന്റെ കൃഷി വ്യാപകമായി ഉള്ളത്. വില വർദ്ധന, ഉൽപ്പാദന ചെലവ് കുറവ്, ഇടവിളയായി കൃഷി ചെയ്യാം എന്നീ കാരണങ്ങളാൽ ഹൈറേഞ്ചിൽ നിന്ന് പടിയിറങ്ങിയിരുന്ന ഒരു കാർഷിക വിളകൂടി തിരികെ വരികയാണ്.