മൂലമറ്റം: ചികിത്സാസഹായത്തിന്റെ പേരിൽ വാഹനങ്ങളിലെത്തി ബക്കറ്റ് പിരിവ് നടത്താൻ ശ്രമിച്ച തട്ടിപ്പുസംഘം നാട്ടുകാർ പിടികൂടുമെന്നായപ്പോൾ തടിതപ്പി. തിങ്കളാഴ്ച വൈകിട്ട് മൂലമറ്റത്തായിരുന്നു സംഭവം. ജീപ്പിലെത്തിയ സംഘം മണിലയിലുള്ള ഒരു ബാലികയുടെ പേരിൽ ചികിത്സ സഹായത്തിന് ബക്കറ്റ് പിരിവ് ആരംഭിച്ചു. ജീപ്പിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്‌സ് ബോർഡിൽ കുട്ടിയുടെ മാതാവിന്റെതെന്ന വ്യാജേന ഒരു മൊബൈൽ ഫോൺ നമ്പരും എഴുതിയിരുന്നു. ഇതുപക്ഷെ, 9 അക്ക മൊബൈൽ നമ്പരായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ മുവാറ്റുപുഴ സ്വദേശികളാണെന്നും പത്രപ്രവർത്തകരാണെന്നും പരസ്പര ബന്ധമില്ലാതെ മറുപടി പറഞ്ഞു. ഇതിനിടെ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്ത് അംഗത്തെയും വിളിച്ചു വിവരം തിരക്കിയപ്പോൾ ഇത്തരത്തിൽ ഒരു കുട്ടി അവിടെ ഇല്ലെന്ന് അറിയിച്ചു. സംഭവം അറിഞ്ഞ് കൂടുതൽ ആളുകൾ രംഗത്ത് എത്തിയപ്പോഴേക്കും പിരിവുകാർ വാഹനവുമായി കടന്നു കളയുകയായിരുന്നു. ഉടൻതന്നെ വിവരം ക്രൈം സ്‌റ്റോപ്പറിൽ വിളിച്ച് അറിയിച്ചെങ്കിലും ഇവരെ കണ്ടെത്തുന്നതിനോ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനോ പൊലീസ് തയ്യാറായില്ലെന്ന് നാട്ടുകാരനായ അഡ്വ. ടോം തെക്കേൽ പറഞ്ഞു.