നേര്യമംഗലം: ടാക്സിസ്റ്റാൻഡ് ഇല്ലാത്തതിനാൽ നേര്യമംഗലത്ത് ദേശീയ പാതയോരത്താണ് കാറും ആട്ടോറിക്ഷയുമടക്കമുള്ള വഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ആവോലിച്ചാൽ, പഞ്ചായത്ത് ബസ് സ്റ്റാൻഡ്, ഇടുക്കി ജംഗ്ഷനുകളിലാണ് ഇപ്പോൾ പാർക്കിംഗ്. ഹൈറേഞ്ചിന്റെ കവാട കേന്ദ്രത്തിൽ ടാക്സികൾക്ക് പാർക്കിംഗ് സൗകര്യം വേണമെന്നാവശ്യം ഉയർന്നിട്ട് പത്ത് വർഷമായി. പഞ്ചായത്തിന് നിവേദനം നൽകി കാത്തിരിക്കുകയാണ് ടാക്സി ജീവനക്കാരും ആട്ടോ തൊഴിലാളികളും. ഇപ്പോൾ പല വാഹനങ്ങളും പലയിടത്തായിട്ടാണ് പാർക്ക് ചെയ്യുന്നത്. ഇത് ഒരു കുടകിഴിൽ കൊണ്ടു വരാൻ ടാക്സി സ്റ്റാൻഡ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. റോഡുകളുടെ വശങ്ങളിൽ വാഹന പാർക്കിംഗ് അപകട സാധ്യത കൂട്ടുന്നു. ദേശീയപാതയുടെ ഇരുവശങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്കൊപ്പം ആട്ടോറിക്ഷകൾ റോഡിലേക്ക് കയറ്റുന്നതും തിരിക്കുന്നതുമെല്ലാം അപകടഭീഷണിയാണ്. കെ.എസ്.ആർ.ടി.സിയടക്കം എല്ലാ ബസുകൾക്കും സ്റ്റോപ്പുള്ള ജംഗ്ഷനാണ് ഇവിടം. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നേര്യമംഗലത്ത് ഓട്ടോറിക്ഷകൾ ഉൾപ്പെടെ നൂറോളം ടാക്സികളുണ്ട്.
ബസ് സ്റ്റാൻഡിന് പിറകിൽ സ്ഥലം കണ്ടെത്തണമെന്ന്
പഞ്ചായത്ത് ബസ് സ്റ്റാൻഡിനും ബൈപ്പാസ് റോഡിനുമിടയിൽ ആട്ടോ സ്റ്റാൻഡിന് സ്ഥലം കണ്ടെത്തണമെന്നാണ് ആവശ്യം. ദേശീയ പാതയോരത്ത് നിന്ന് ആട്ടോറിക്ഷകൾക്ക് സ്വന്തം താവളമൊരുങ്ങിയാൽ ഒന്നിന് പിറകിലായി ടേം ക്രമം പാലിച്ച് ഓടാനാകും. ഇതോടെ ടൗണിലെ ഗതാഗതകുരുക്കും അപകടങ്ങളും നിയന്ത്രിക്കാനാകും. അപകടഭീതി ഉയർത്തുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ചു മാറ്റി ഇവിടെ വരെ ഓട്ടാറിക്ഷകൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കാൻ കഴിയും.
ടാക്സി സ്റ്റാൻഡിന് സൗകര്യമൊരുക്കാം.
ഹൈമാസ് ലൈറ്റ് സ്ഥാപിച്ചിടത്തേക്ക് വെയിറ്റിംഗ് ഷെഡ് മാറ്റി സ്ഥാപിച്ചാൽ കിഴക്കു വശത്ത് ടാക്സി സ്റ്റാൻഡിന് സ്ഥലം കണ്ടെത്താനാകുമെന്ന് ടാക്സി ജീവനക്കാർ പറയുന്നു. മറ്റിടങ്ങളിലെ ബസ് സ്റ്റാൻഡിനുള്ളിലെ ടാക്സി സ്റ്റാൻഡുകളുടെ മാതൃക ഇവിടെ നടപ്പാക്കിയാൽ ടാക്സികളുടെ ഫീസും പഞ്ചായത്തിന് ലഭ്യമാകും.
പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണം
ബസ് സ്റ്റാൻഡിൽ പൊലീസിനെ ഡ്യുട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാവിലെയും വൈകിട്ടും തിരക്കേറുന്ന ജംഗ്ഷനിൽ പൊലീസിനെ നിയോഗിച്ചാൽ ട്രാഫിക് സംവിധാനം ശക്തമാക്കാൻ കഴിയും. തലങ്ങും വിലങ്ങുമുള്ള ഇരുചക്ര വാഹനങ്ങളുടെ പാച്ചിൽ ഒഴിവാക്കി അപകടസാധ്യത കുറയ്ക്കാം. ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നത് ഉറപ്പ് വരുത്താനും സാധിക്കും. ഇത് യാത്രക്കാർക്കും ഗുണകരമാകും.