അടിമാലി: ഹൈറേഞ്ച് മേഖലയിൽ വിവിധ കാരണങ്ങളാൽ ചെരിയുന്ന കാട്ടാനകളുടെ എണ്ണം വർദ്ധിക്കുന്നു. ഇടിമിന്നലേറ്റ് രണ്ട് കാട്ടാനകളും ആവറുകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടിയാനകളും ചെരിഞ്ഞത് അടുത്തിടെയാണ്. തോട്ടങ്ങളിൽ കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ കുടുങ്ങിയും രണ്ട് കാട്ടാനകളുടെ ജീവൻ നഷ്ടമായി. വ്യാപകമായി ആനത്താരകൾ നശിപ്പിക്കപ്പെട്ടതാണ് വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആനകളുടെ സഞ്ചാരപാതയിൽ തടസങ്ങളുണ്ടായതോടെ പുതിയ മാർഗത്തിൽ സഞ്ചരിക്കുന്ന ആനകൾ വലിയ കുഴികളിൽ വീണാണ് അപകടത്തിൽപ്പെടുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് വനമേഖലയിൽ നായാട്ട് സംഘങ്ങൾ സജീവമായതോടെ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ കൂടുതലായി ജനവാസമേഖലകളിലേക്കിറങ്ങുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. മഴ മാറി വേനലാരംഭിക്കുന്നതോടെ പോയവർഷങ്ങളിൽ എന്നപോലെ കാട്ടാനകൾ കാട് വിട്ടിറങ്ങി തുടങ്ങും. കാട്ടാനകളുടെ ആക്രമണം ചെറുക്കുന്നതിനൊപ്പം ജനവാസ മേഖലയിലിറങ്ങാതെ ആനകൾക്ക് വനത്തിനുള്ളിൽ തന്നെ സ്വൈര്യ വിഹാരത്തിനായി ഇടമൊരുക്കാൻ വനംവകുപ്പ് ഇടപെടണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
ആനയെടുത്ത മനുഷ്യജീവനുകളും
കാട്ടാനകളുടെ മരണ സംഖ്യയ്ക്കൊപ്പം കാട്ടാനകളാൽ കൊല്ലപ്പെട്ട മനുഷ്യരെ മറക്കാനാവില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജില്ലയിലെ തോട്ടം മേഖലയിൽ മാത്രം 42 മനുഷ്യജീവനുകൾ ആനക്കലിയിൽ പൊലിഞ്ഞു. ഈ വർഷം മാത്രം അഞ്ചോളം ജീവനുകൾ കാട്ടാന ആക്രമണത്തിൽ ഇല്ലാതായി.
മൂന്നാർ വനംഡിവിഷന് കീഴിൽ ചെരിഞ്ഞ ആനകൾ- 13
നേര്യമംഗലം- 3
അടിമാലി- 3
മൂന്നാർ- 3
ദേവികുളം- 4