kk
ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മൗനജാഥ

മൂന്നാർ: അടിക്കടി നടക്കുന്ന ഹർത്താലുകളിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെയും നടപ്പിലാക്കാത്തതിൽ പ്രതിക്ഷേധിച്ച് മൂന്നാറിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതിക്ഷേധ മൗന ജാഥാ നടത്തി. കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹർത്താലിൽ വിദേശ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണമുൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് ജാഥ നടത്തിയത്. സാധാരണയായി ഹർത്താലുകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന പത്രം, പാൽ, ആശുപത്രി തുടങ്ങിയവക്കൊപ്പം ടൂറിസത്തെയും കൂടി ഉൾപ്പെടുത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. പ്രളയാനന്തരം പുനരാരംഭിച്ച പുതിയ ടൂറിസം സീസൺ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും അനുബന്ധ മേഖലകളിലുള്ളവരും കാണുന്നത്. എന്നാൽ അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾ കേരളത്തിലെ ടൂറിസം വ്യവസായത്തെ കൂടുതൽ പരുങ്ങലിലാക്കുകയാണ്. സമാന രീതിയിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഹർത്താലിൽ നിന്ന് ടൂറിസത്തെ പൂർണമായും ഒഴിവാക്കണം എന്ന ആവശ്യമാണ് ഉയർന്ന് വന്നത്. അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യയുടെ (അറ്റോയ് ) നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്കും ടൂറിസം പ്രഫഷണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ചിയിലും ടൂറിസം കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേക്കടിയിലും തേക്കടിക്കവലയിലും ജാഥാ നടത്തി. എം.എച്ച്.ആർ.എ പ്രസിഡന്റ് വി.വി. ജോർജ്, എം.ഡി.എം പ്രസിഡന്റ് വർഗീസ് ഏലിയാസ്, ഹോംസ്റ്റേ അസോസിയേഷൻ പ്രസിഡന്റ് തങ്കപ്പൻ കൊട്ടാരത്തിൽ തുടങ്ങിയവരാണ് മുന്നാറിലെ ജാഥയ്ക്ക് നേതൃത്വം നൽകിയത്. എം.ഡി.എം സ്ഥാപക പ്രസിഡന്റ് വിമൽറോയ്, ജനറൽ സെക്രട്ടറി അബ്ബാസ് പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു.