nn
നെടുങ്കണ്ടം താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷയുമായി എത്തിയ നാട്ടുകാർ

 കാർഡ് ഇല്ലാത്തതിനാൽ ഭവന പദ്ധതി ആനുകൂല്യങ്ങളും നഷ്ടപെടുന്നു


രാജാക്കാട്: നെടുങ്കണ്ടം താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് റേഷൻ കാർഡുകൾ നൽകുന്നതിൽ കാലതാമസം വരുന്നതായി വ്യാപക പരാതി. പുതിയ കാർഡിനായും കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കുമായും അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല. അപേക്ഷയെ സംബന്ധിച്ച അറിയിപ്പ് മൊബൈലിൽ കിട്ടിയ ശേഷം ഓഫീസിൽ വന്നാലും അടുത്ത ദിവസങ്ങളിൽ വരാനാണ് സ്ഥിരമായി അറിയിക്കുന്നതെന്നാണ് ആരോപണം. അല്ലെങ്കിൽ ഫയൽ ഓഫീസിൽ ഇല്ലെന്നും ജീവനക്കാർ കൊണ്ടുപോയിരിക്കുകയാണെന്നൊക്കെയാകും മറുപടി. അപേക്ഷകളുമായി ഭിന്നശേഷിക്കാരും സ്ത്രീകളുമടക്കമുള്ളവർ ദിവസങ്ങളോളം കയറി ഇറങ്ങേണ്ട സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിൽ എത്താറില്ലെന്നും ഓഫീസ് നമ്പറിലേയ്ക്ക് വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടേണ്ടവർക്ക് എ.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തി കാർഡുകൾ വിതരണം ചെയ്തതായും പരാതി ഉണ്ട്. ഇത് തിരുത്തി നൽകണമെന്നാവശ്യപെടുമ്പോൾ അടുത്ത വർഷം നടപടി സ്വീകരിയ്ക്കാമെന്ന മറുപടിയാണ് ലഭിയ്ക്കുന്നത്. പുതിയ കാർഡ് കിട്ടാത്തതിനാൽ സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടവർക്കും ആനുകൂല്യം ലഭിക്കുന്നില്ല. പുതിയ അപേക്ഷകൾ സ്വീകരിയ്ക്കാൻ സപ്ലൈ ഓഫീസ് അധികൃതരും അക്ഷയ സെന്ററുകളും തയ്യാറാവാത്തതും ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നുണ്ട്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ അടക്കമുള്ളവർ മണിക്കൂറുകളോളം ഓഫീസിൽ കാത്തിരുന്ന് നിരാശരായി മടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ആരോപണം. അണക്കര, രാജാക്കാട്, ചിന്നക്കനാൽ, രാജകുമാരി തുടങ്ങിയ വിദൂര മേഖലകളിൽ നിന്ന് ഒരു ദിവസത്തെ ജോലി പോലും നഷ്ടപെടുത്തി വരുന്ന സാധാരണക്കാരാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നത്.

''12,000 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 3,500 കാർഡുകൾ വിതരണം ചെയ്തു. ബാക്കി 90 ശതമാനം അപേക്ഷകളുടെയും ഡി.ടി.പി ജോലികൾ തീർത്തിട്ടുണ്ട്. അപേക്ഷ സ്വീകരിച്ച് നടപടി ആരംഭിക്കുമ്പോഴും വിതരണത്തിന് തയ്യാറാകുമ്പോഴും ഉപഭോക്താക്കൾക്ക് ഫോണിൽ മെസേജുകൾ അയയ്ക്കും. എന്നാൽ അപേക്ഷ സ്വീകരിച്ചെന്ന മെസേജ് ലഭ്യമാകുമ്പോൾ തന്നെ അപേക്ഷകർ ഓഫീസിൽ എത്തുന്നതാണ് തെറ്റിദ്ധാരണയ്ക്ക് കാരണം. ഓഫീസിൽ ജീവനക്കാരുടെ കുറവുമുണ്ട്. ഉള്ള ജീവനക്കാർ അവധി ദിനങ്ങളിൽ പോലും ജോലി ചെയ്താണ് ഇത്രയും വേഗത്തിൽ അപേക്ഷകൾ തീർപ്പാക്കുന്നത്.

- ടി.എൻ ഏലിയാമ്മ (താലൂക്ക് സപ്ലൈ ഓഫീസർ)​