road
മൂന്നാർ -വെള്ളത്തൂവൽ റൂട്ടിൽ കുത്തുപാറ ഭാഗത്ത് പ്രളയത്തിൽ ഒലിച്ചുപോയ റോഡ്

 പ്രളയത്തിൽ ഒലിച്ചുപോയ റോഡുകൾ നന്നാക്കാൻ നടപടിയില്ല

വെള്ളത്തൂവൽ: കഴിഞ്ഞ കാലവർഷത്തിൽ ഒലിച്ചു പോയ റോഡുകൾ മാസം മൂന്ന് കഴിഞ്ഞിട്ടും നന്നാക്കിയില്ല. മൂന്നാർ- വെള്ളത്തൂവൽ റോഡിൽ അഞ്ചിടത്ത് ഒലിച്ചുപോയ റോഡ് നന്നാക്കാത്തതിനാൽ ഇതു വഴിയുള്ള യാത്രാദുരിതം അതിരൂക്ഷമായി. ശാരോൻപുരം, ചോലിപ്പടി, കൂത്തുപറ, മൂപ്പൻപടി, മുതുവാൻകുടി, ചെങ്കുളം എന്നിവിടങ്ങളിലാണ് റോഡ് ഒലിച്ചു പോയി യാത്രാദുരിതം രൂക്ഷമായത്. ശാരോൻപുരം ഭാഗത്ത് പത്ത് മീറ്റർ നീളത്തിൽ റോഡ് ഒലിച്ചുപോയി. മറു സൈഡിലെ മൺതിട്ട അരിഞ്ഞ് വീതിയെടുത്താണ് കഷ്ടിച്ച് വാഹനങ്ങൾ കടന്നു പോകുന്നത്. ചോലിപ്പടി ഭാഗത്തും ഇതാണവസ്ഥ. കൂത്തുപാറ സിറ്റിക്ക് താഴെ 20 മീറ്റർ നീളത്തിൽ റോഡ് ഒലിച്ചുപോയി. ഇതുവഴി വളരെ പണിപ്പെട്ടാണ് വാഹനങ്ങൾ കയറി ഇറങ്ങി പോകുന്നത്. മുതുവാൻകുടി, ചെങ്കുളം, ആനച്ചാൽ ഭാഗത്തും നിരവധിയിടങ്ങളിൽ റോഡ് ഒലിച്ചുപോയിട്ടുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ ഏറെ ദുരിതം പേറി നൂറുകണക്കിന് വാഹനങ്ങളാണ് ദിനം പ്രതി വന്നു പോകുന്നത്. നിരവധി സ്‌കൂൾ വാഹനങ്ങളും താലൂക്ക് ജില്ലാ ആസ്ഥാനങ്ങളിലേക്ക് വന്നു പോകുന്നവരുടെ വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.