kk

 മോഷണ ശ്രമം ആദ്യഭാര്യയുമായുള്ള കേസിന് പണം കണ്ടെത്താൻ

ചെറുതോണി: മറയൂർ കോവിൽകടവ് എസ്.ബി.ഐ എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ നാല് ദിവസത്തിനകം പിടിയിലായി. തമിഴ്നാട് ടോപ് സ്റ്റേഷൻ സ്വദേശി മണികണ്ഠനെയാണ് (26) പൊലീസ് അറസ്റ്റു ചെയ്തത്. ആദ്യ ഭാര്യയുമായുള്ള കേസ് നടത്തിപ്പിനുള്ള പണത്തിനായാണ് ഇയാൾ മോഷണശ്രമം നടത്തിയത്. 17ന് രാത്രിയിലായിരുന്നു മോഷണ ശ്രമം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മണികണ്ഠൻ ഒറ്റയ്ക്കാണ് മോഷണം പ്ലാൻ ചെയ്തത്. നാല് വർഷം മുമ്പ് ഇയാൾ ഫോറസ്റ്റ് വാച്ചറായി ഇവിടെ ജോലി ചെയ്തിരുന്നു. സ്ഥലത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഇയാൾ എ.ടി.എം കൗണ്ടറിന് മുൻവശത്തുള്ള ലോഡ്‌ജിൽ മുറിയെടുത്തു. രാത്രി 10.30ന് പുതപ്പ് പുതച്ച് മങ്കി ക്യാപ് ഉപയോഗിച്ച് തല മറച്ച് എ.ടി.എം കൗണ്ടറിലെത്തി. സി.സി ടിവി കാമറ പ്ലാസ്റ്റർ ഒട്ടിച്ചു മറച്ചു. ഷട്ടർ താഴ്ത്തിയശേഷം അടിയിലൂടെ പുറത്തിറങ്ങി. പക്ഷേ മെഷീനുള്ളിലെ കാമറ ഓഫാക്കാൻ കഴിഞ്ഞില്ല. എന്നാൽ പുതപ്പും മങ്കിക്യാപ്പും ധരിച്ചിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമായില്ല. വീണ്ടും 12.30ന് എത്തി എ.ടി.എം മെഷീൻ തകർക്കാൻ ശ്രമിച്ചു. ആ ശ്രമം വിജയിച്ചില്ല. രണ്ടാമത് ഇയാൾ മോഷണത്തിന് എത്തിയപ്പോൾ പുതപ്പ് പുതച്ചിരുന്നില്ല. മങ്കി ക്യാപ് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അതിനാൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.

തുടർന്ന് പൊലീസ് ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠൻ കുടുങ്ങിയത്.

ഇയാൾക്ക് രണ്ടു ഭാര്യമാരുണ്ട്. രണ്ടു പേരിലുമായി ഓരോ കുട്ടികൾ വീതമുണ്ട്. ആദ്യ ഭാര്യയുമായുള്ള കേസ് തീർക്കുന്നതിന് വേണ്ടി തമിഴ്നാട്ടിലുള്ള സ്റ്റേഷനിൽ 19ന് എത്തേണ്ടതായിരുന്നു. ഇത് മനസിലാക്കിയ പൊലീസ് ഫോൺ സിഗ്നൽ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടാം ഭാര്യ തേവർ കന്യകയും (20) പ്രതിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ 17 അംഗ സപെഷ്യൽ ടീമാണ് പ്രതിയെ പിടികൂടിയത്. മൂന്നാർ എസ്.ഐ സാംജോസ്, മറയൂർ എസ്.ഐ ജി. അജയകുമാർ, സൈബർസെൽ എസ്.ഐ ജോബി തോമസ്, എ.എസ്.ഐമാരായ ടി.ആർ.രാജൻ, സന്തോഷ്, സജിമോൻ, സി.വി. ഉലഹന്നാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.