നെടുങ്കണ്ടം: ബി.ജെ.പി പ്രദേശിക നേതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അക്രമികൾ സഞ്ചരിച്ച ജീപ്പ് പൊലീസ് കണ്ടെത്തി. നെടുങ്കണ്ടത്തിന് സമീപത്ത് നിന്നുമാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. അക്രമികളെക്കുറിച്ചും ഏകദേശ ധാരണ ലഭിച്ചിട്ടുള്ളതായാണ് വിവരം. ബി.ജെ.പി കരുണാപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രാമക്കൽമേട് വെട്ടിക്കൽ വീട്ടിൽ സൂര്യകുമാറിനെയാണ് (35) തിങ്കളാഴ്ച രാത്രി ഒരു സംഘം ആളുകൾ ബാലൻപിള്ള സിറ്റി ടൗണിലിട്ട് ക്രൂരമായി മർദ്ദിച്ചത്. കടയടച്ച് വീട്ടിലേയ്ക്ക് പോവുകയായിരുന്ന സൂര്യകുമാറിന്റെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.