checkpost
പെരിയവരെയിൽ തേയില കമ്പനിയുടെ ചെക്ക് പോസ്റ്റ്.

മറയൂർ: മൂന്നാർ - മറയൂർ പാതയിൽ പെരിയവരൈ താൽക്കാലിക പാലം തകർന്നതോടെ ചെറുവണ്ടികൾ കടന്നുപോകാൻ കഴിയുമായിരുന്ന എസ്റ്റേറ്റ് റോഡിൽ തേയില കമ്പനി ചെക്ക് പോസ്റ്റ് സ്ഥാപിച്ചു. ചെറുവാഹനങ്ങൾക്ക് പെരിയപാലത്തിനടുത്ത് പുതുക്കാട്, മൂന്നാർ എൻജിനീയറിംഗ് കോളേജ് വഴി മൂന്നാറിലേക്ക് എത്തുവാൻ കഴിയുന്ന വഴിയാണ് കമ്പനി അധികൃതർ തടഞ്ഞിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിലെ പ്രകൃതി ദുരന്തത്തിൽ പെരിയവരൈ പാലം തകർന്നപ്പോൾ ഈ വഴിയാണ് വാഹനങ്ങൾ മൂന്നാറിലേക്കും മറയൂരിലേക്കും സഞ്ചരിച്ചിരുന്നത്. പിന്നീട് താൽക്കാലിക പാലം നിർമ്മിച്ചതോടെ എസ്റ്റേറ്റ് റോഡിലെ യാത്ര അവസാനിപ്പിച്ചു. കഴിഞ്ഞദിവസം താൽക്കാലിക പാലം തകർന്നപ്പോൾ എസ്റ്റേറ്റ് റോഡ് അടച്ച് കമ്പനിയും വഴിമുടക്കി. ഇതോടെ പെരിയവരെയിൽ വാഹനം നിറുത്തി ഇരുവശങ്ങളിലും ജീപ്പിലും ഓട്ടോറിക്ഷകളിലും അമിതനിരക്ക് നല്കി യാത്രചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാരും വിനോദസഞ്ചാരികളും. ജീപ്പ്, ഓട്ടോറിക്ഷ തൊഴിലാളികളെ സഹായിക്കാൻ വേണ്ടിയാണ് എസ്റ്റേറ്റ് റോഡിൽ ചെക്ക് പോസ്റ്റ് ഇട്ടതെന്ന ആരോപണവും ഉയരുന്നുണ്ട്.