മറയൂർ: എ.ടി.എം കൗണ്ടർ കുത്തിപ്പൊളിച്ച കേസിൽ പിടിയിലായ തമിഴ്‌നാട് സ്വദേശി മണികണ്ഠനെ (26) കോവിൽക്കടവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൗണ്ടർ തകർക്കാൻ ഉപയോഗിച്ച കമ്പിപാര കോവിൽക്കടവിന് സമീപം പത്തടിപ്പാലത്ത് വനംവകുപ്പ് റേഞ്ച് ഓഫീസിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കോവിൽക്കടവിൽ പ്രതി ഭാര്യയും കുഞ്ഞുമൊത്ത് താമസിച്ച ലോഡ്ജിലും എ.ടി.എം കൗണ്ടറിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ലോഡ്ജിലെ കിടക്കവിരി പുതച്ച് മങ്കി ക്യാപ്പുകൊണ്ട് മുഖംമറച്ച് അർദ്ധരാത്രിയിൽ നടത്തിയ കവർച്ചാശ്രമം അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ പ്രതി പുനരവതരിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 12.15നാണ് കവർച്ചാശ്രമം നടന്നത്. സമീപത്തെ ലോഡ്ജിൽ രണ്ടാമത്തെ ഭാര്യയും കുഞ്ഞുമായി മുറിയെടുത്ത് താമസിച്ചായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്. 21 ലക്ഷംരൂപ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും പണം സൂക്ഷിച്ചിരുന്ന ഭാഗം പൊളിക്കാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ പൊലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ് ഭാര്യയുടെ മാല പണയം വച്ച് മുറിവാടക കൊടുത്ത് കാന്തല്ലൂർ, മതികെട്ടാൻ ചോല, കുരങ്ങണി വനമേഖലയിലൂടെ തമിഴ്നാട്ടിലെ തേനിക്കടുത്തുള്ള ടോപ്പ് സ്റ്റേഷനിലേക്ക് രക്ഷപ്പെടുകയും ചെയ്തു. എ.ടി.എം കൗണ്ടറിലെ കാമറയിൽ പതിഞ്ഞ ചിത്രവും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച ബോഡി നായ്ക്കനൂരിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പ്രതിയെ പിടികൂടിയത്. ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നതിന് പണം ആവശ്യം വന്നതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്ന് പ്രതി മൊഴി നൽകി. ഇയാളെ ഇന്നലെ ദേവികുളം കോടതിയിൽ ഹാജരാക്കി. രണ്ടാം ഭാര്യയ്ക്ക് മോഷണശ്രമത്തിൽ പങ്കുണ്ടോയെന്ന് കാര്യം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മറയൂർ എസ്.ഐ ജി. അജയകുമാർ, അഡീഷണൽ എസ്.ഐ ടി.ആർ. രാജൻ, ജോളി ജോസഫ്, ടി.എം. അബ്ബാസ്, ഷിഹാബ്, സൈനു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി നാട്ടുകാർ കോവിൽക്കടവിൽ എത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് ആദരം
എ.ടി.എം കൗണ്ടർ കവർച്ചാ ക്കേസിലെ പ്രതിയെ ദിവസങ്ങൾക്കകം പിടികൂടിയ സംഘത്തിലെ ഡി.വൈ.എസ്.പി സുനീഷ് ബാബു, ഇൻസ്പെക്ടർ സാം ജോസ്, മറയൂർ എസ്.ഐ ജി. അജയകുമാർ, അഡീഷണൽ എസ്.ഐ ടി.ആർ. രാജൻ തുടങ്ങിയ 18 പേർക്ക് വകുപ്പുതല ബഹുമതി നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു.