മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തായണ്ണൻ കുടി ആദിവാസി കോളനിക്ക് കേന്ദ്ര കൃഷിമന്ത്രാലായം ഏർപ്പെടുത്തിയ 'പ്ലാന്റ് ജിനോം സേവ്യർ' പുരസ്കാരം ലഭിച്ചു. പരമ്പരാഗത വിത്തിനങ്ങളും കൃഷിരീതികളും സംരക്ഷിച്ച് പരിപാലിച്ച വരുന്ന കാർഷിക സമൂഹത്തിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ് പ്ലാന്റ് ജിനോം സേവ്യർ അവാർഡ്. പ്രശസ്തിഫലകവും പത്ത് ലക്ഷം രൂപയുമാണ് കുടിക്കാർക്ക് ലഭിക്കുന്ന സമ്മാനം. നേരത്തെ ഇതേ ഇനത്തിൽ സംസ്ഥാന സർക്കാരിന്റെ ബഹുമതിയും ഈ കാടിന്റെ മക്കൾ കരഗതമാക്കിയിട്ടുണ്ട്.
2016 സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ തായണ്ണൻ കുടി സന്ദർശിച്ചതിനെ തുടർന്നാണ് ഇവിടുത്ത് കാർഷിക വൈവിധ്യങ്ങളെക്കുറിച്ച് പുറംലോകം അറിയുന്നത്. പിന്നീട് കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ മേധാവി ഡോ. സി.ആർ. എൽസി തായണ്ണൻ കുടി സന്ദർശിച്ച് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ 2017 ൽ മൂന്ന് ലക്ഷം രൂപയുടെ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് തായണ്ണൻകുടിക്കുവേണ്ടി പ്ലാന്റ് ജിനോം സേവിയർ അവാർഡിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള കാർഷിക വൈവിധ്യങ്ങളുടെയും കർഷക അവകാശങ്ങളുടെയും സംരക്ഷണ അതോറിട്ടി രജിസ്റ്റാർ ജനറൽ ഡോ. ആർ.സി. അഗർവാൾ, അസി. രജിസ്റ്റാർ ഡോ. നാഗരത്തിന, ഡോ. സി.ആർ. എൽസി, ഡോ. ജോസഫ് ജോൺ എന്നിവർ കുടി സന്ദർശിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.
തായണ്ണൻകുടി
മറയൂരിൽ നിന്ന് 16 കിലോമീറ്റർ അകലെ ചിന്നാർ ചെക്പോസ്റ്റിൽ നിന്ന് നാല് കിലോമീറ്റർ ദൂരം ഉൾവനത്തിലൂടെ യാത്രചെയ്താൽ തായണ്ണൻ കുടിയിലെത്താം. 33 കുടുംബങ്ങളാണ് കൃഷി ഉപജീവനമാക്കി ജീവിക്കുന്നത്.