വണ്ടിപ്പെരിയാർ: ദമ്പതികളെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പൊലീസിൽ കീഴടങ്ങി. ഒരാൾ ഒളിവിൽ. അരണക്കൽ എസ്റ്റേറ്റിന്റെ കൊക്കക്കാട് ഡിവിഷനിൽ താമസക്കാരായ മണികണ്ഠൻ (32), കനകരാജ് (35), ജ്യോതി മണി (32) എന്നിവരാണ് വണ്ടിപ്പെരിയാർ പൊലീസിൽ രാവിലെ കീഴടങ്ങിയത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാണ്ഡിയമ്മയും ഇതര സമുദായത്തിൽപ്പെട്ട അയ്യപ്പനും തമ്മിലുണ്ടായ വിവാഹ ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഇരുവരെയും ഒരു സംഘം ആളുകൾ ആക്രമിച്ചതായാണ് പരാതി. ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് പാണ്ഡിയമ്മയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഒരു സംഘം കമ്പിവടിയും കമ്പുമായി മാട്ടുപെട്ടിയിലെ എസ്റ്റേറ്റ് ലയത്തിലെ വീട്ടിൽ അതിക്രമിച്ച് കയറി ഇരുവരെയും മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ ഇരുവരും വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. പിന്നീട് പരിക്ക് ഗുരുതരമായതിനാൽ പാണ്ഡിയമ്മയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊലപാതക ശ്രമമാണ് പ്രതികൾക്ക് മേൽ പൊലീസ് ചുമത്തിയിരുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഒളിവിൽ പോയ പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ കോടതി നിർദേശം നൽകിയതിനെ തുടർന്ന് പ്രതികൾ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.