കട്ടപ്പന: കല്യാണതണ്ട് പട്ടയ സമരസമിതി കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പട്ടയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സമരസമിതിയിലെ കോൺഗ്രസ് പ്രവർത്തകൻ സഞ്ചരിച്ച കാർ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. പൊലീസ് ഇടപെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. കാഞ്ചിയാർ കല്യാണതണ്ട് പട്ടയ സമരസമിതി പ്രവർത്തകർ ഇന്നലെ കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധ മാർച്ചും ധർണയും കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തുന്നതിനിടെ സമരസമിതി നേതാക്കളിൽ ഒരാൾ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജിനെ വ്യക്തിപരമായി ആക്ഷേപിച്ചതാണ് സംഘർഷത്തിന് തുടക്കം. ഇതിനെ ചോദ്യം ചെയ്ത് മാത്യു ജോർജിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ സമരസമിതി പ്രവർത്തകരുമായി വാക്കേറ്റം നടത്തി. പിന്നീട് സമരസമിതി പ്രവർത്തകർ സഞ്ചരിച്ച വാഹനം ഡി.വൈ.എഫ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. സമരസമിതി ധർണയ്ക്കിടെ വ്യക്തിപരമായ പരാമർശം ഉണ്ടായതിൽ സമരസമിതി നേതാക്കളിലെരാൾ പ്രസംഗത്തിനിടെ ക്ഷമാപണവും നടത്തി.