ഇടുക്കി: 12 വർഷത്തിലൊരിക്കലെത്തുന്ന നീലക്കുറിഞ്ഞി വസന്തം കാണാനായി മൂന്നാറിലെ രാജമലയിലെത്തിയത് 1.3 ലക്ഷം വിനോദ സഞ്ചാരികളെന്ന് കണക്കുകൾ. സാധാരണ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് രാജമല സന്ദർശിക്കാൻ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത്. നീലകുറിഞ്ഞി സീസൺ പ്രമാണിച്ച് ഒരുമാസം മുമ്പു മുതൽ സഞ്ചാരികൾ കൂടുതലായി എത്തി തുടങ്ങിയതായാണ് കണക്കുകൾ. പ്രളയത്തെ തുടർന്ന് മുൻവർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികൾ കുറവാണെങ്കിലും നിലവിൽ ശരാശരി 2000 മുതൽ 2500 വരെ വിനോദസഞ്ചാരികൾ രാജമലയിൽ സന്ദർശനം നടത്തുന്നുണ്ട്.

ഇനി പോയാൽ വരയാടുകളെ കാണാം

സഞ്ചാരികളുടെ കണ്ണിനു കുളിർമയേകാൻ 700 ലധികം വരയാടുകൾ ഇപ്പോൾ രാജമലയിൽ ഉണ്ടെന്നാണ് കണക്കുകൾ. മൂന്നാർ തണുത്തു തുടങ്ങിയതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഇവിടേക്ക് എത്തുന്നവർക്ക് രാജമല കൂടുതൽ ആസ്വാദ്യകരമായി തീരും. രാജമലയിൽ എത്തുന്ന സഞ്ചാരികൾക്ക് വിശ്രമത്തിന് ശേഷം ടിക്കറ്റുകൾ ബുക്ക് ചെയ്ത് വനം വകുപ്പിന്റെ വാഹനത്തിൽ രാജമലയിലേക്ക് സന്ദർശനത്തിനായി പോകാൻ കഴിയും വിധമാണ് പുതിയ ക്രമീകരണം. രാജമലയിലേക്കുള്ള 75 ശതമാനം ബുക്കിംങ്ങും ഓൺലൈൻ വഴിയാണ് നടത്തുന്നത്. ബാക്കി വരുന്ന ടിക്കറ്റുകൾ നേരിട്ട് രാജമല സന്ദർശനത്തിനെത്തുന്നവർക്കായി മാറ്റി വെച്ചിച്ചിട്ടുണ്ട്. 160 ജീവനക്കാർ ചേർന്നാണ് രാജമലയിലെ അനുദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സന്ദർശനത്തിനുള്ള പാസ് അനുവദിക്കുക.

''മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും പ്രളയത്തെ തുടർന്ന് സന്ദർശനം നടത്താൻ കഴിയാതെ വരികയും ചെയ്ത വിനോദ സഞ്ചാരികൾക്ക് പുതിയ തീയതികളിൽ സന്ദർശനത്തിനായി ടിക്കറ്റുകൾ പുതുക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾ ആവശ്യപ്പെടുന്നതനുസരിച്ച് ടിക്കറ്റുകൾ പുതുക്കി നൽകുന്നുണ്ട്"

-ആർ. ലക്ഷ്മി (മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ)

ടിക്കറ്റ് നിരക്ക്

സ്വദേശിയർക്ക്- 120 രൂപ

വിദ്യാർത്ഥികൾക്കും കുട്ടികൾക്കും- 90 രൂപ

വിദേശിയർക്ക്- 400 രൂപ

സന്ദർശനസമയം- രാവിലെ ഏഴു മുതൽ വൈകിട്ട് 4 വരെ

ആകെ സന്ദർശിച്ചവർ- 1,34,957 പേർ

സെപ്തംബർ- 55,443 പേർ

ഒക്ടോബർ 79,514 പേർ